പിണറായി വിജയന് വിശ്വാസികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും; എം.ടി. രമേശ്
പയ്യോളി: കോടതിവിധിയുടെ മറവിൽ തെരുവിൽ വിശ്വാസികളെ ക്രൂരമായി തല്ലിച്ചതച്ച പിണറായി വിജയനും സി.പി.എമ്മിനും ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.രമേശ്. സി.പി.എമ്മിന് നിലപാടുകൾ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും വിശ്വാസികളുടെ മനസ്സിലെ മുറിവ് ഉണങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.എം.എസ് നേതാവ് സി.ടി.മനോജിന്റെ ഒമ്പതാം ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷ് അധ്യക്ഷനായി. രാജേഷ് നാദപുരം, ടി.കെ.പത്മനാഭൻ, കെ.വി.സുരേഷ്, വി.സത്യൻ, എം.പി.ഭരതൻ, സി.സി.ബബിത്ത്, പ്രഭാകരൻ പ്രശാന്തി എന്നിവർ സംസാരിച്ചു.
രാവിലെ മനോജിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ആർ.എസ്.എസ് പ്രാന്തസഹപ്രചാരക് എസ്.സുദർശൻ, ജില്ലാ കാര്യവാഹ് പി.ടി.ശ്രീയഷ്, ജില്ലാ പ്രചാരക് ശക്തിവേൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, ടി.എം.പ്രശാന്ത്, എ.മുരളീകൃഷ്ണൻ, കെ.രാജേഷ്, എ.ശശിധരൻ, കെ.സുനിൽകുമാർ, സംഭാഗ് പ്രശാന്ത് എന്നിവർ പങ്കെടുത്തു.