പിണറായി വിജയന്‍ എന്ന നേതാവിനെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ പാടില്ല; തന്റെ പിതാവിനെകുറിച്ചും കള്ളം പറഞ്ഞു, സുധാകരന്‍ മാപ്പ് പറയണമെന്ന് ഫ്രാന്‍സിസിന്റെ മകന്‍


കോഴിക്കോട്: തന്റെ പിതാവ് 24 മണിക്കൂറും കത്തി കൈവശം വെച്ചിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശം തെറ്റെന്ന് ഫ്രാന്‍സിസിന്റെ മകന്‍ ജോബി ഫ്രാന്‍സിസ്. സുധാകരന്‍ പറഞ്ഞത് വേദനിപ്പിച്ചു. സുധാകരന്‍ മാപ്പ് പറയണമെന്നും ജോബി ഫ്രാന്‍സിസ് ആവശ്യപ്പെട്ടു.

എല്ലാ സമയത്തും കത്തി കൈവശം കൊണ്ടുനടക്കുന്നയാള്‍, പിണറായി വിജയനെ യോഗത്തിനിടെ മൈക്ക് കൊണ്ട് തല്ലി വീഴ്ത്തിയ ആള്‍ എന്നെല്ലാമാണ് ഫ്രാന്‍സിസിനെ കുറിച്ച് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ ഇതെല്ലാം തെറ്റെന്നാണ് ഫ്രാന്‍സിസിന്റെ മകന്‍ ജോബി ഫ്രാന്‍സിസിന്റെ പറഞ്ഞത്.

മകന്റെ വാക്കുകള്‍ ഇങ്ങനെയാണ്-

” കോളജില്‍ പഠിക്കുമ്പോള്‍ നല്ലൊരു വോളിബോള്‍ കളിക്കാരനായിരുന്നു പിതാവ്. മലബാര്‍ പാപ്പന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കലാലയ രാഷ്ട്രീയത്തില്‍ ചെറിയ ഉന്തോ തള്ളോ ഉണ്ടായിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. എന്റെ പിതാവ് 24 മണിക്കൂറും കത്തി കൈവശം വെച്ചുനടക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറഞ്ഞത് വളരെ മോശമായിപ്പോയി. എന്റെ പ്രതികരണം കേട്ട ശേഷമെങ്കിലും മാപ്പ് പറയണം. 2000ല്‍ അദ്ദേഹം എന്നെ വിട്ടുപിരിഞ്ഞ് ഈ ലോകത്തില്‍ നിന്ന് പോയ ആളാണ്. മകന്‍ എന്ന നിലയില്‍ സുധാകരന്റെ പ്രതികരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു കാരണവശാലും സഹപാഠിയെ കുറിച്ച് അങ്ങനെ പറയരുതായിരുന്നു. ശക്തമായ പ്രതിഷേധം അറിയിക്കുകയാണ്.

എല്ലാ കഥകളും ഡാഡി സുഹൃത്തിനോടെന്ന പോലെ എന്നോട് പറഞ്ഞിട്ടുണ്ട്. നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായപ്പോള്‍ കൂരാച്ചുണ്ടില്‍ വന്നപ്പോള്‍ എന്റെ പിതാവിനെ വേദിക്കരികിലേക്ക് വിളിച്ച് സംസാരിച്ചു. വളരെ തിരക്കുണ്ടായിട്ട് പോലും പിതാവിനോട് സംസാരിച്ചിട്ടാണ് പോയത്. പിണറായി വിജയനെ പോലുള്ള വലിയൊരു നേതാവിനെ കുറിച്ച് ഇങ്ങനെയൊരു പ്രതികരണം സുധാകരന്റെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ അമര്‍ഷമുണ്ട് ”