‘പിടി, പിടി, നിൽക്കട അവിടെ അവൻമാര് കുറേ നേരമായി, പോലീസിനെ വിളി’; കൊയിലാണ്ടി ബസ് സ്റ്റാന്റിലെ യാത്രക്കാരിൽ അമ്പരപ്പുണർത്തി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് ടീമും കഞ്ചാവ് വിൽപ്പനക്കാരനെ ഓടിച്ചിട്ട് പിടിച്ചു (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട് കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടി. ഏറെ നേരമായിപൊതുസ്ഥലത്ത് വിൽപ്പന നടക്കുന്നുണ്ടായിരുന്നുവെങ്കിലും നാട്ടുകാരാരും പ്രതികരിച്ചില്ല. ഈ സമയത്താണ് ഉദ്യോഗസ്ഥർ എത്തി ഇവരെ കയ്യോടെ പിടികൂടുന്നത്. ബഹളം കണ്ട കാണികൾ എത്തിയതോടെ ഉദ്യോഗസ്ഥർ പറഞ്ഞു, സുഹൃത്തുക്കളെ, ഇത് നിങ്ങളുടെ അവബോധത്തിനാണ്. കാഴ്ചക്കാരായി നിൽക്കരുതേ, പ്രതികരിക്കണേ. ആദ്യം ആളുകൾ അമ്പരന്നു പോയെങ്കിലും പിന്നീട് ഇതൊരു മോക്ഡ്രില്ലായിരുന്നു എന്നറിഞ്ഞതോടെ ആളുകളിൽ കൗതുകമായി. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫൻസ് ടീമും സംയുക്തമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനാണ് കൊയിലാണ്ടിയിൽ കൗതുകയുമുണർത്തിയത്.

കൊയിലാണ്ടിഅഗ്നിരക്ഷാസേനാംഗങ്ങളും അംഗങ്ങളും കുടുംബാംഗങ്ങളും വ്യാപാരികളും വിദ്യാര്‍ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയിൽ അണിനിരന്നു. വൈകുന്നേരം കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ കൊയിലാണ്ടി ഫയർഫോഴ്സ് ടീമും സിവിൽ ഡിഫൻസ് വളണ്ടിയർമാരും അവതരിപ്പിച്ച മോക്‌ ഡ്രില്ലും, ലഘു നാടകവും ശ്രദ്ധേയമായി.

ലഹരി വിൽപ്പനയും ലഹരി ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വീഡിയോയും സഹിതം വാട്സ്ആപ്പ് നമ്പറിലേക്ക് (9995966666)അയക്കുന്ന ജനപങ്കാളിത്ത പരിപാടിയായ ‘യോദ്ധാവ്’ പരിപാടിയിൽ അവതരിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി തിരുവനന്തപുരത്ത് ബി സന്ധ്യ നിർവഹിച്ചു.

മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പ്രകടനം കൊണ്ടും പരിപാടി അതിഗംഭീരമായി. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ,ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് വോളന്റിയർമാരും പരിപാടിയിൽ പങ്കെടുത്തു.