പിഞ്ചുകുഞ്ഞുങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി വഴിതെറ്റിയെത്തിയത് വടകരയില്‍; ഒടുവില്‍ പൊലീസ് സഹായത്തോടെ ബന്ധുക്കളുടെ അടുത്തേക്ക്


വടകര: പത്തുദിവസം മുമ്പാണ് നാലും അഞ്ചും വയസുള്ള മക്കളുമായി ഉത്തര്‍പ്രദേശ് സ്വദേശി മോനി (28) വീട്ടില്‍ നിന്നും തിരിച്ചത്. ഉത്തര്‍പ്രദേശിലെ ടീക്കര്‍മാഫിയെന്ന ഗ്രാമത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ട്രെയിന്‍ മാറിക്കയറി എത്തിയതാകട്ടെ രണ്ടുദിവസത്തിനുശേഷം ഇങ്ങ് വടകരയില്‍.

വടകരയില്‍ സ്ഥലവും ഭാഷയുമറിയാതെ അലഞ്ഞുതിരിഞ്ഞ ഇവരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തലശേരി മഹിളാ മന്ദിരത്തില്‍ എത്തിച്ചു. ഒടുക്കം സാമൂഹിക പ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളിയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌നേഹത്തണലിന് മോനിയും കുടുംബവും ഏറെ നന്ദിപറഞ്ഞു.

പൊലീസിന്റെ കൂടെ സഹായത്തടെയാണ് യുവതിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ ടീക്കമാ എന്ന സ്ഥലത്ത് നിന്നാണ് വന്നതെന്ന് പറഞ്ഞെങ്കിലും ഇങ്ങനെ ഒരു സ്ഥലം അവിടെ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് യുപി പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ടീക്കര്‍മാഫി എന്ന സ്ഥലം ഉണ്ടെന്ന് അറിഞ്ഞു. പൊലീസ് അന്വേഷിച്ച് ബന്ധുക്കളെ കണ്ടെത്തി മോനിയുമായി ഫോണില്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ബന്ധുക്കളെത്തി അമ്മയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു