പാലേരിയില്‍ സിപിഎമ്മിലേക്ക് കൂട്ടപലയാനം; വിവിധ പാര്‍ട്ടികളില്‍ നിന്നായി 78 കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു


പാലേരി: സിപിഎമ്മിലേക്ക് കൂട്ടപലയാനം. പാലേരിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി 78 കുടുംബങ്ങളാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഐ പാര്‍ടികളിലെ നേതാക്കളും വനിതകളുള്‍പ്പെടെയുള്ളവരാണ് രാജിവച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പാലേരിയില്‍ ചേര്‍ന്ന സിപിഎം പൊതുയോഗത്തില്‍ രാജിവച്ച് വന്നവരെ ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ബിജെപി ഭരണത്തില്‍ രാജ്യം വിനാശകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും മതേതര കക്ഷിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മുമായി യോജിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. വര്‍ഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിനൊപ്പം കോവിഡ് മഹാമാരിയിലടക്കം ജനങ്ങളെ ചേര്‍ത്തുനിര്‍ത്തിയ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും രാജ്യത്തിനാകെ പുതിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ.കുഞ്ഞമ്മത്, കെ.പി അനില്‍കുമാര്‍, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി എന്നിവര്‍ സംസാരിച്ചു. പി.എസ് പ്രവീണ്‍ പുതുതായി പാര്‍ടിയിലേക്ക് വന്നവരെ പരിചയപ്പെടുത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പി.പി ജിമേഷ്, പി.കെ സുധീഷ്, വി.കെ ബൈജു, കെ.വി റിജേഷ്, പി.പി അനൂപ്, ഇ.പി ബിനു, പി.ഷാജി, വി.പി സന്തോഷ് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. എം വിശ്വന്‍ സ്വാഗതം പറഞ്ഞു.