പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തിക്കുത്ത്; 2 സുരക്ഷാജീവനക്കാർക്ക് പരിക്ക്


തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് പരുക്കേറ്റു. അക്ഷയ് ടി ബി, നിധിന്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. പ്രകോപനമില്ലാതെ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചായായി നടന്ന അക്രമമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ടോള്‍പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്നും ഇവരുടെ വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. അങ്കമാലി മുക്കന്നൂര്‍ സ്വദേശികളുടേതാണ് കാര്‍. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തും.