പാലാരിവട്ടത്ത് ഊരാളുങ്കൽ രചിച്ചത് ചരിത്രം; 158 ദിവസത്തിൽ പാലം റെഡി
കൊച്ചി: പാലാരിവട്ടം പാലത്തിൽ ഊരാളുങ്കലിന്റെ വിജയം എഴുതിച്ചേർക്കാൻ വേണ്ടിവന്നത് 158 ദിവസംമാത്രം. പുനർനിർമാണത്തിന് 240 ദിവസം കണക്കാക്കിയപ്പോൾ ഡിഎംആർസിയും കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ഏറ്റെടുത്തത് സമാനതകളില്ലാത്ത വെല്ലുവിളി. ടെൻഡറിലൂടെ 18.76 കോടി രൂപയ്ക്കായിരുന്നു കരാർ. മേൽനോട്ടച്ചുമതലയുള്ള ഡിഎംആർസി ചീഫ് എൻജിനിയർ ജി കേശവചന്ദ്രനെ പാലാരിവട്ടം ദൗത്യം ഏൽപ്പിച്ചതോടെ കാര്യങ്ങൾ ഏതാണ്ട് ഉറപ്പായി.
വെല്ലുവിളികൾ നിറഞ്ഞ വല്ലാർപാടം റെയിൽപ്പാതയും 84 ദിവസത്തിനുള്ളിൽ തമ്പാനൂർ പാലവും പൂർത്തിയാക്കിയ കേശവചന്ദ്രന് പാലാരിവട്ടം കടക്കാൻ അത്രയൊന്നും പ്രയാസമുണ്ടായില്ല. 2020 സെപ്തംബറിൽ നിർമാണത്തിന് തുടക്കമായി. 2021 മെയ് മാസം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു. പഴയ പാലം പൊളിക്കലായിരുന്നു പ്രധാന വെല്ലുവിളി. രണ്ടുമാസത്തിനുള്ളിൽ അത് പൊളിച്ചടുക്കി.
19 സ്പാനുകളിൽ 17 എണ്ണവും പൊളിച്ചു. 35 മീറ്റർ നീളമുള്ള രണ്ട് പ്രീ സ്ട്രെസ്ഡ് സ്പാനും 22 മീറ്റർ നീളമുള്ള 17 ആർസിസി സ്പാനും ഉൾപ്പെടെ 444 മീറ്ററായിരുന്നു പാലത്തിന്റെ നീളം. 19 പിയർ ക്യാപ്പുകളും പൊളിച്ചു. സ്ലാബുകളും ബീമുകളും നിലത്തിറങ്ങുന്നതിന് സമാന്തരമായി കളമശേരിയിലെ ഡിഎംആർസി യാർഡിൽ പുതിയവയുടെ കാസ്റ്റിങ് തുടങ്ങി. പിയർ ക്യാപ്പുകളെല്ലാം പുതിയത് നിർമിച്ചു.
102 പ്രീ സ്ട്രെസ്ഡ് ഗർഡറുകളുടെയും കാസ്റ്റിങ് ജനുവരി പകുതിയോടെ പൂർത്തിയായി. അടുത്ത 15 ദിവസത്തിനുള്ളിൽ അവ തൂണുകൾക്കുമുകളിൽ വച്ചു. ഗർഡറുകൾ സ്ഥാപിക്കുന്നമുറയ്ക്ക് അവയ്ക്കുമുകളിലെ സ്ലാബുകളുടെ നിർമാണം ആരംഭിച്ചു. ഫെബ്രുവരി പതിനഞ്ചോടെ പൂർത്തിയായി. വശങ്ങളിലെ ഭിത്തികളുടെ നിർമാണവും സമാന്തരമായി പുരോഗമിച്ചു.
സ്ലാബുകളുടെ നിർമാണം പൂർത്തിയായതോടെ ഫെബ്രുവരി 27ന് ടാറിങ് ജോലികൾ തുടങ്ങി. ഒപ്പം പെയിന്റിങ്ങും. സമാന്തരമായി പാലത്തിനുതാഴെയുള്ള ജോലികളും. ഇതോടൊപ്പം ലൈറ്റുകളും സ്ഥാപിച്ചു. പുനർനിർമാണത്തിന് 750 ടൺ കമ്പിയും 1900 ടൺ സിമന്റുമാണ് വേണ്ടിവന്നത്.
രാപകലില്ലാതെ ജോലിയെടുക്കാൻ പ്രതിദിനം ശരാശരി 300 തൊഴിലാളികൾ. തിരക്കേറിയ ബൈപാസ് കവലയിലെ ഗതാഗതത്തെയോ യാത്രക്കാരെയോ ശല്യപ്പെടുത്താതെയാണ് ജോലി മുന്നേറിയത്. നിർമാണം തുടങ്ങിയശേഷമുള്ള ഒരുദിവസംപോലും പാഴാക്കിയില്ല. കരാറുകാരന് ബില്ലുകൾ അപ്പപ്പോൾ നൽകി. അതുകൊണ്ടുതന്നെ നിർമാണത്തിന് വേഗമേറി. എല്ലാറ്റിനും നേതൃത്വം നൽകി ഊരാളുങ്കലിന്റെ യുവ എൻജിനിയർമാരുടെ സംഘവും.