പാലാരിവട്ടത്ത് ‘ഉറപ്പുള്ള’ പാലം തയ്യാർ
കൊച്ചി: കേരളത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പാലാരിവെട്ടം പുതിയ മേല്‍പ്പാലത്തിലെ ഭാരപരിശോധന പൂര്‍ത്തിയായി. രണ്ട് സ്പാനുകളിലായി നടത്തിയ പരിശോധനയാണ് ബുധനാഴ്ച അവസാനിച്ചത്. 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ആര്‍ബിഡിസികെയ്ക്കും (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ഓഫ് കേരള) സംസ്ഥാന പൊതുമരാമത്തു വകുപ്പിനും കൈമാറും.
ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവും. ഭാരപരിശോധന പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍ബിഡിസികെയും നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും.
ഇരുപത്തേഴിനാണ് ഭാരപരിശോധന ആരംഭിച്ചത്. പാലത്തിന്റെ 35, 22 മീറ്റര്‍ നീളമുള്ള സ്പാനുകളിലാണ് ഭാരപരിശോധന നടന്നത്. ആദ്യം 35 മീറ്റര്‍ സ്പാനില്‍ പരിശോധന പൂര്‍ത്തിയായി. ഇത് വിജയിച്ചതിനുപിന്നാലെ 22 മീറ്റര്‍ സ്പാനിലും പരിശോധന നടത്തി.
ബലക്കുറവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
സര്‍ക്കാര്‍ അനുമതിയോടെ ഈ ആഴ്ചതന്നെ പാലാരിവട്ടം പാലം തുറന്നുനല്‍കാനാകും. വഴിവിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. റീ ടാറിങ് ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പുനര്‍നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍വരെ സമയം നല്‍കിയിരുന്നെങ്കിലും മൂന്നുമാസംമുമ്പേ പണി തീര്‍ക്കാനായി. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണക്കരാർ ഏറ്റെടുത്ത് പണി പൂർത്തീകരിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അഴിമതികളുടെ പ്രതീകമായാണ് എൽ.ഡി.എഫ് പാലാരിവെട്ടം മേൽപ്പാലത്തെ ഉയർത്തിക്കാട്ടുന്നത്. പാലം അഴിമതികേസിൽ മുസ്ലിം ലീഗ് എംഎൽഎ ഇബ്രാഹിം കുഞ്ഞിന് ജയിലിൽ കഴിയേണ്ടിയും വന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാലം പണി പൂർത്തിയാക്കിയത് സർക്കാരിന് നേട്ടമാകും.