പാലാരിവട്ടം പാലം അഴിമതി: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം
കൊച്ചി: പാലാരിവട്ടംപാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം. ആരോഗ്യനില പരിഗണിച്ച് കർശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂർണമായി സഹകരിക്കണം എന്നീ കർശന ഉപാധികളോടെയാണ് കോടതി ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചത്.
പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നവംബർ 18 നാണ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തത്. പാലം നിർമാണത്തിന്റെ കരാർ ആർ.ഡി.എസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമാനുസൃതമായാണ് താൻ നടപടികൾ സ്വീകരിച്ചതെന്നുമാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം.