പാലക്കാട് തൃത്താലയിൽ മയക്കുമരുന്ന് നൽകി പീഡനം; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് പിടിയിൽ


പാലക്കാട്: തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരിന്നു. അഭിലാഷ് ,നൗഫൽ എന്നിവരാണ് ആദ്യം അറസ്റ്റിലായിരുന്നത്.

തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.

പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചടക്കം പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തിയിരുന്നു.