പാലം യാഥാര്‍ഥ്യമായാല്‍ കീഴരിയൂരില്‍ നിന്ന് എളുപ്പത്തില്‍ വടകരയിലെത്താം, കോരപ്ര പൊടിയാടി റോഡ് പി.ഡബ്യു.ഡി ഏറ്റെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്


മേപ്പയ്യൂര്‍: കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരപ്ര പൊടിയാടി റോഡ് പി.ഡബ്യു.ഡി ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. ഈ റോഡില്‍ എട്ട് കോടി രൂപ ചെലവില്‍ രണ്ട് പാലങ്ങള്‍ പുതുതായി നിര്‍മ്മിക്കുന്നുണ്ട്. പാലം യാഥാര്‍ഥ്യമായാല്‍ കീഴരിയൂരില്‍ നിന്ന് വടകരയിലേക്കുള്ള യാത്ര സുഗമമാകും.

6.200 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കോരപ്ര പൊടിയാടി റോഡിന്റെ 3.5 കിലോമീറ്റര്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലും ബാക്കി തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലുമാണ്. ഈ റോഡില്‍ നടയ്ക്കല്‍, മുറി നടയ്ക്കല്‍ ഭാഗങ്ങളിലാണ് എട്ട് കോടി രൂപ ചെലവില്‍ രണ്ട് പാലങ്ങള്‍ പുതുതായി നിര്‍മ്മിക്കുന്നുത്. ഇതിന്റെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പാലം പണി പൂര്‍ത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ മുത്താമ്പി, നടേരി റോഡ്, കീഴരിയൂര്‍, തുറയൂര്‍ വഴി വടകര ഭാഗത്തേക്ക് സുഗമമായ സഞ്ചാരമാര്‍ഗ്ഗം തുറക്കപ്പെടും. വടകരയ്ക്കുളള ദൂരം പതിമൂന്നര കിലോമീറ്ററോളം കുറയുകയും ചെയ്യും. അതു കൊണ്ട് ഈ റോഡില്‍ ഗതാഗത തിരക്കേറാനും ഇടയാവും. ആയതിനാല്‍ ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനും നിവേദനം നല്‍കിയിട്ടുണ്ട്.