പാലം പുതുക്കിപ്പണിയും ഓവുചാല്‍ നിര്‍മാണവും തകൃതി; ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ല, കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു


എകരൂല്‍: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പാലം പുതുക്കിപ്പണിയും ഓവുചാലുനിര്‍മാണവും ദിവസവും ഈ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

വാഹനങ്ങളെ പണിനടക്കുന്ന ഭാഗങ്ങളില്‍ നിയന്ത്രിച്ച് ഓരോ ഭാഗത്തുനിന്ന് വരുന്നവ കടന്നുപോയശേഷം മറുവശത്തുള്ളവ പോകാന്‍ ഏര്‍പ്പാടാക്കുന്നതും വിരളമാണ്. റോഡുപണി കഴിയുന്നതുവരെ കര്‍ശനമായ ഗതാഗതനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.

വല്ലപ്പോഴും റോഡുപണിക്കാര്‍തന്നെ വാഹനങ്ങള്‍ നിയന്ത്രിച്ചുവിട്ടാലും മറുവശത്ത് മൂന്നുംനാലും സ്വകാര്യബസുകള്‍ കുടുങ്ങിക്കിടക്കും. പിന്നെ മത്സരയോട്ടമാണ്. ബസുകളുടെ മത്സരയോട്ടത്തിനെതിരേ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് നിര്‍മ്മാണ പ്രവൃത്തികളെന്നതിനാല്‍ ഈ പാതയില്‍ അപകടങ്ങളും തുര്‍ക്കഥയാവുന്നുണ്ട്. അപകട മേഖലകളില്‍പോലും റോഡില്‍ സംരക്ഷണഭിത്തികള്‍ സ്ഥാപിച്ചിട്ടില്ല. അപായ സൂചന ബോര്‍ഡുകള്‍ എവിടെയും കാര്യമായി സ്ഥാപിച്ചിട്ടില്ല.