പാറക്കടവത്ത് താഴ പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; പാലം പ്രവൃത്തി ഉദ്ഘാടനംചെയ്തു


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂര്‍ മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടിയങ്ങാട് ചെറുപുഴക്ക് കുറുകെ നിര്‍മിക്കുന്ന പാറക്കടവത്ത് താഴ പാലം യാഥാര്‍ത്ഥ്യമാവുന്നു. പാലത്തിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.

7.70 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം. 18 മീറ്റര്‍ വീതം നീളമുള്ള മൂന്നു സ്പാനുകളുണ്ട്. 54 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാകും. ഇരുഭാഗത്തുമായി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയോടുകൂടി ബി എം ആന്‍ഡ് ബിസി ഉപരിതലമുള്ള റോഡും നിര്‍മിക്കും.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷറഫ്, പഞ്ചായത്തംഗങ്ങളായ സുമതി വാഴയില്‍, കെ.എം ഇസ്മായില്‍, കെ.വി കുഞ്ഞിക്കണ്ണന്‍, എന്‍.കെ അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. പി.കെ മിനി സ്വാഗതവും എന്‍.വി ഷിനി നന്ദിയും പറഞ്ഞു.