പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം നൊപ്പം, ജീവിതം ചോദ്യചിഹ്നമായപ്പോഴും ആദര്‍ശം കൈവിട്ടില്ല, പരീക്ഷണങ്ങള്‍ പലതായിരുന്നു; അരങ്ങൊഴിഞ്ഞത് കേരളനാടിന്റെ പെണ്‍കരുത്ത്


ചേര്‍ത്തലയിലെ അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14നാണ് കെ.ആര്‍ ഗൗരിയുടെ ജനനം.

ഇന്‍ക്വിലാബ് വിളികള്‍ കൊണ്ട് നാട്ടുവഴികളെ വിറപ്പിച്ച് ആ പെണ്‍കുട്ടി വളര്‍ന്നു. കേരളത്തിന്റെ തലപ്പത്തേക്ക്, മന്ത്രിപദത്തിലേക്ക്. കേരള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനാധിപത്യ പരീക്ഷണങ്ങളുടെ രക്തസാക്ഷിത്വമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. ഈ പെണ്‍കരുത്ത് ഒരു നൂറ്റാണ്ടിന്റെ അരങ്ങൊഴിയുന്നത് രാഷ്ട്രീയ കേരളത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ്. അസുഖമായി കിടപ്പിലായിരുന്നെങ്കിലും പെണ്‍കരുത്തിന്റെ അവസാന വാക്കായിരുന്നു കെ.ആര്‍ ഗൗരിയമ്മ. ‘ കേരം തിങ്ങും കേരളനാട് കെ.ആര്‍ ഗൗരി തന്നെ ഭരിക്കും’.

കെ ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാൽ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം.

എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ.

ഭൂപരിഷ്‌കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു. ആത്മകഥ (കെ.ആര്‍. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

പിന്നീട് 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തെ രണ്ട് വഴികളിലാക്കി.1994 ല്‍ സിപിഎമ്മില്‍ നിന്നും ഗൗരിയമ്മ പുറത്തുപോന്നു. അങ്ങനെ ജെ.എസ്.എസ് എന്ന പാര്‍ട്ടി രൂപപ്പെടുത്തി. 2001 ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി. പക്ഷേ തുടര്‍ച്ചയായി ജെ.എസ്.എസിനുണ്ടായ പരാജയം യുഡിഎഫ് പാളയം വിടുന്നതിലാണ് അവസാനിച്ചത്.