പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സി.പി.എം തയ്യാറാവണമെന്ന് സി.പി.എ അസീസ്


നടുവണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ വര്‍ഗീയ വൈകല്യമാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ന്യൂനപക്ഷങ്ങളോട് മമത ഉണ്ടെങ്കില്‍ അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയായി മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ തെരഞ്ഞെക്കാന്‍ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മതവും ജാതിയും മാനദണ്ഡമല്ല എന്നു പറയുന്ന സി.പി.എം ഇത്തരത്തില്‍ പുതിയ തീരുമാനം എടുക്കുമോ എന്ന് അറിയാന്‍ താല്പര്യമുണ്ട്. കാഴ്ചക്കാരായ ഏറാന്‍ മൂളികളല്ല, എല്ലാവിഭാഗം ജനങ്ങളോടും നീതി പുലര്‍ത്തുന്ന ജനനേതാക്കളാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെ സാരഥികളെന്ന് കോടിയേരി ഓര്‍ക്കണം. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ഇത്തരം വിഷലിപ്ത ജല്പനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഗ്രാമ യാത്രയും, കുടുംബസംഗമവും, കോട്ടൂര്‍ പഞ്ചായത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി. പി കുഞ്ഞിമൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. സാജിദ് കൊറോത്ത്, ശാഹുല്‍ ഹമീദ് നടുവണ്ണൂര്‍, സമദ് പൂനത്ത്, പി.കെ സലാം മാസ്റ്റര്‍, കെ. പരീദ് മാസ്റ്റര്‍, ബഷീര്‍ നോരവന, വി.കെ.ഇസ്മായില്‍, ബഷീര്‍ കേളോത്ത്, എന്‍.ടി ജലീല്‍, കെ. ശാഹിദ, കെ. കെ. റംല പ്രസംഗിച്ചു.