പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം; കോഴിക്കോട് നഗരത്തില്‍ 26 ഇടങ്ങളില്‍ പാര്‍ക്കിങ് ബേകള്‍; എവിടെയെല്ലാമെന്ന് അറിയാം


കോഴിക്കോട്: നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരവുമായി കോര്‍പ്പറേഷന്‍. ഇതിനായി 26 ഇടങ്ങളില്‍ പാര്‍ക്കിങ് ബേകള്‍ ഒരുക്കും. വീതി കൂടിയ റോഡുകള്‍ക്ക് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സംവിധാനമൊരുക്കുന്ന പദ്ധതിക്ക് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.

കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായാണ് ഇത് നടപ്പാക്കുക. ആകെ 1260 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ബസ് അടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടാനാവും. 19 റോഡുകളില്‍ എല്ലാ വാഹനങ്ങളും ഏഴിടത്ത് ബസുകള്‍ക്ക് മാത്രമായുമാണ് ബേ വരുന്നത്. പദ്ധതിക്കായി മൊത്തം പത്ത് ലക്ഷം രൂപയാണ് നീക്കിവച്ചത്.

ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പൊലീസ് നടത്തിയ പാര്‍ക്കിങ് സ്റ്റഡി റിപ്പോര്‍ട്ടുള്‍പ്പെടെ സിറ്റി പൊലീസ് കമീഷണറാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ മേയര്‍ക്ക് കൈമാറിയത്. പി.ഡബ്ല്യു.ഡി, ആര്‍.ടി.ഒ, ആര്‍.ടി.പി, ഹാര്‍ബര്‍ തുടങ്ങിയ വകുപ്പ് മേധാവികളുമായി ചര്‍ച്ചചെയ്താണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പാര്‍ക്കിങ് ബേകള്‍ എവിടെയെല്ലാം?

മാനാഞ്ചിറ സ്‌ക്വയര്‍, ടൗണ്‍ഹാള്‍ റോഡ്, വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, ഒയിറ്റി റോഡ്, ജയപ്രകാശ് നാരായണ്‍ റോഡ്, അപ്സര തിയേറ്ററിന് സമീപം പാവമണി റോഡ്, അപ്സര ലിങ്ക് ക്രോസ് റോഡ്, വെള്ളയില്‍ റോഡ്, സരോവരം റോഡ്, രാജാജി റോഡ്, വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ് റോഡ്, കോവൂര്‍ ജങ്ഷന്‍, മെഡിക്കല്‍ കോളേജ് ജങ്ഷന്‍ താഴെ കോഴിക്കോട് നഗരത്തിലേക്കുള്ള ഭാഗം, പൊറ്റമ്മല്‍ ജങ്ഷന്‍, പൊറ്റമ്മല്‍ ജങ്ഷന്‍ മുതല്‍ അരയിടത്തുപാലം, തളി ക്ഷേത്രത്തിനും ജൂബിലിഹാള്‍ ജങ്ഷനുമിടയില്‍, ബീച്ച് റോഡില്‍ വടക്ക് ഭാഗത്തേക്ക്, സൗത്ത് ബീച്ചില്‍ സീക്യൂനിനും മുഖദാറിനുമിടയില്‍, ആനിഹാള്‍ റോഡ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് സൗകര്യമൊരുക്കുക.

ഇതോടൊപ്പം മാനാഞ്ചിറ, മോഡല്‍ സ്‌കൂള്‍, നടക്കാവ് ഗേള്‍സ് സ്‌കൂളിനും മാര്‍ക്കറ്റിനുമിടയില്‍, മാവൂര്‍ റോഡ് ജങ്ഷനില്‍ ഷിപ് മാളിന് എതിര്‍വശം, വയനാട് റോഡിലും കണ്ണൂര്‍ റോഡിലും ക്രിസ്ത്യന്‍ കോളേജിന് സമീപം, പാളയം എം.സി.സി എന്നിവിടങ്ങളില്‍ ബസ്ബേകളും ഒരുക്കും.