പായസം നിര്‍മ്മിക്കാനുള്ള തേങ്ങാപാല്‍ പുളിച്ചു പോയി, പാതിരാത്രിയെ പോലും ഗൗനിക്കാതെ ജനങ്ങളൊന്നിച്ചപ്പോള്‍ മേപ്പയൂര്‍ സുരക്ഷയുടെ പായസം ചലഞ്ച് വന്‍വിജയമായി; ശ്രദ്ധേയമായി ചെയർമാൻ എ.സി അനൂപിന്റെ പായസം ചലഞ്ചിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്


മേപ്പയ്യൂര്‍: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മേപ്പയ്യൂര്‍ സൗത്ത് മേഖലാകമ്മറ്റിയുടെ വിഭവ സമാഹരണത്തിന് വേണ്ടി ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പായസം ചലഞ്ച് വന്‍വിജയമായി. സുരക്ഷയും ഡിവൈഎഫ്‌ഐ മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റിയും സംയുക്തമായാണ് പായസം ചലഞ്ച് സംഘടിപ്പിച്ചത്. ചലഞ്ച് വിജയകരമായി പൂര്‍ത്തിയായെങ്കിലും പായസത്തിന്റെ നിര്‍മ്മാണ സമയത്ത് അഭിമൂഖീകരിച്ച പ്രശ്‌നങ്ങളും അതിനെ ധീരമായി നേരിടാന്‍ സുരക്ഷയ്‌ക്കൊപ്പം നിന്നവരെ കുറിച്ചും ചെയര്‍മാന്‍ എ.സി. അനൂപ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

25000 പേര്‍ക്കാണ് ഉത്രാടം നാളില്‍ ചലഞ്ചിന്റെ ഭാഗമായി പായസം തയ്യാറാക്കേണ്ടിയിരുന്നത്. ധൗര്‍ഭാഗ്യവശാല്‍ പായസം തയ്യാറാക്കുന്നതിന് മുമ്പ് രാത്രി പത്ത് മണി ആയപ്പോഴേക്കും ഇതിനാവശ്യമായ 2600 തേങ്ങയുടെ പാല്‍ പുളിച്ച് പോയിരുന്നു. പാചകക്കാരും കമ്മിറ്റിക്കാരും ഒരുപോലെ പകച്ചുപോയ നിമിഷങ്ങളായിരുന്നു അത്. പ്രതിസന്ധിയെ ധീരമായി നേരിട്ട് അവര്‍ അടുത്ത മാര്‍ഗം കണ്ടെത്തി. പുളിച്ച് പോയ പാലിന് പകരം പുതുതായി തേങ്ങ ചിരവി തേങ്ങാപാല്‍ ശേഖരിക്കാനും, ആയിരംലിറ്റര്‍ പശുവിന്‍ പാലും കൊണ്ടുവരാനുമായിരുന്നു തീരുമാനം.

രാത്രി ഏറെ വൈകിയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാപ്രവര്‍ത്തകര്‍, തേങ്ങ എത്തിച്ച് ചിരണ്ടി പാലാക്കാന്‍ സഹായിച്ചവര്‍, സലാംമാര്‍ട്ടിന്റെ ഉടമകള്‍, മില്‍മയിലെ ജീവനക്കാര്‍, മേപ്പയൂരിലെ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ സംയുക്തമായി പ്രവര്‍ത്തിച്ചപ്പോള്‍ പായസം ചലഞ്ച് ഗംഭീരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പിറ്റേ ദിവസം തീരുമാനിച്ച പ്രകാരം രാവിലെ ഏഴ് മണിക്ക് തന്നെ പായസം വിതരണം ആരംഭിച്ചു.

പലവിധ രോഗങ്ങളാല്‍ അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കാനാണ് സുരക്ഷ ഇത്തരമൊരു ചലഞ്ച് സംഘടിപ്പിച്ചത്. ചലഞ്ചിനിടയില്‍ അപ്രതീക്ഷിതമായി നേരിട്ട പ്രതിസന്ധിയെ തരണം ചെയ്ത അനുഭവം വിവരിക്കുന്ന എ.സി അനൂപിന്റെ കുറിപ്പ് നെഞ്ചിടിപ്പ് കൂടാതെ വായിക്കാന്‍ സാധ്യമല്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പായസചലഞ്ച്
ഒരു”ചലഞ്ച്” തന്നെയായിരുന്നു

സുരക്ഷ പെയിൻ & പാലിയേറ്റീവ്മേപ്പയ്യൂർ സൗത്ത് മേഖലാകമ്മറ്റിയുടെ വിഭവ സമാഹരണത്തിന് വേണ്ടി ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാകമ്മറ്റിയുടെ സഹായത്തോടെ സംഘടിപ്പിച്ച പായസ ചലഞ്ച് ഒരു “ചലഞ്ച് ” തന്നെയായിരുന്നു.
ഉത്രാടദിനത്തിൽ ഇരുപത്തിഅയ്യായിരം പേർക്ക് പായസം എത്തിക്കാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
തലേദിവസം രാത്രി പായസം ഉണ്ടാക്കാൻ തുടങ്ങി രാത്രി 10 മണിക്കാണ് പായസത്തിനാവശ്യമായ തേങ്ങാപാൽ എത്തിയത്. പാൽ ഉപയോഗിക്കാൻ എടുത്തപ്പോൾ പുളിച്ച് പോയിരുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പകച്ച്പോയ നിമിഷങ്ങൾ.
എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. സംസാരിക്കാൻ നാവ്അനങ്ങുന്നില്ല.

10 മിനുട്ട്കൊണ്ട് പ്രതിസന്ധിയെ മുറിച്ച് കടക്കാൻ ഞങ്ങൾ തീരുമാനിച്ചു. സ്തംഭിച്ച് പോയപാചകക്കാരന് ഊർജംനൽകി.
എന്താണ് അടുത്തമാർഗ്ഗം…???
തേങ്ങപാൽഎടുക്കണം രണ്ടായിരത്തോളം തേങ്ങയുടെ പാൽവേണം. ആയിരംലിറ്റർ പശുവിൻ പാൽ വേണം.
സമയം രാത്രി 11 മണി, കാലത്ത് 7 മണിക്ക് പായസ വിതരണം തുടങ്ങണം…..??

ദൗത്യം ഞങ്ങൾ തുടങ്ങി.
ഈ പാതിരാത്രിയിൽ ഇതെല്ലാം എവിടെനിന്ന് സംഘടിപ്പിക്കും…??
പിന്നീട് ഒരു ഫോൺകോളിൽ കുടുബസമേതം ഓടിഎത്തിയ പ്രിയസഖാക്കൾ, SFI, DYFI,
മഹിളാപ്രവർത്തകർ, തേങ്ങഎത്തിച്ചവർ, വെട്ടിയവർ, ചിരകിയവർ, പാലാക്കിയവർ ,
തേങ്ങാ കടകൾ തുറന്ന്തന്ന കച്ചവടക്കാർ, സലാംമാർട്ടിന്റെ ഉടമകൾ, ഐവസൗണ്ടസ് ,
കുന്നമംഗലത്തെ പ്ലാന്റിൽ നിന്ന്പാൽ എത്തിച്ച മിൽമ , മിൽമയിലെ
ജീവനക്കാർ, മേപ്പയ്യൂരിലെ ഡ്രൈവർമാർ , പായസം ഉണ്ടാക്കിയ മലബാർ കാറ്ററിങ്ങ് സർവ്വീസ് മുചുകുന്നിന്റെ ഉടമ, ജീവനക്കാർ, എല്ലാവിധ സഹായങ്ങളും നൽകി കൂടെനിന്ന
ടി കെ കൺവൻഷൻ സെന്ററിന്റെ ഉടമകൾ, ജീവനക്കാർ, രുചികരമായ പായസം കാലത്ത് 7 മണി മുതൽ തന്നെ വീടുകളിൽ എത്തിച്ച
സുരക്ഷാ വളണ്ടിയർമാർ ………
തെരുവിൽ നമ്മുടെ പാർട്ടി തോറ്റുകൂടെന്ന് നിർബന്ധമുള്ള പ്രിയപ്പെട്ട സഖാക്കൾ…..
കൂടെനിന്ന് പായസ ചലഞ്ച് വൻവിജയമാക്കിയ എല്ലാവരോടും നന്ദി പറയാൻ വാക്കുകളില്ല
സഖാക്കളെ ലാൽസലാം

എസി അനൂപ് മേപ്പയ്യൂർ
ചെയർമാൻ
സുരക്ഷ