പാത്തിക്കലപ്പൻ; മേലൂരിൻ്റെ ചരിത്ര മുഖം


കരുണാകരൻ കലാമംഗലത്ത്

ചെങ്ങോട്ട്കാവ്: പൗരാണിക കാലങ്ങളിൽ ഓരോ ഗ്രാമ സംസ്കൃതിയും വളർന്ന്
വന്നത് ഏതെങ്കിലും ക്ഷേത്ര സന്നിധികൾക്ക് ചുറ്റിലുമായിരുന്നു
എന്ന് ചരിത്ര പഠനങ്ങൾ പറയുന്നു. അത്തരത്തിൽ ചരിത്രകാലം മുതൽ തന്നെ നിലവിലുണ്ടായിരുന്ന ഒരു ഗ്രാമസംസ്കൃതി ആയിരുന്നു മേലേ ഊര് അഥവാ കുന്നിൻ മുകളിലെ ഗ്രാമം എന്നറിയപ്പെട്ടിരുന്ന
മേലൂർ ഗ്രാമം.

ഈ ഗ്രാമവും അതിൻ്റെ പൗരാണിക സംസ്കൃതിയും വളർന്ന് വരാൻ ഇടയായത് പഴയകാല ബൗദ്ധ പാരമ്പര്യത്തിൻ്റേതെന്ന് കരുതാവുന്ന പാത്തിക്കലപ്പൻ ക്ഷേത്രത്തിന് ചുറ്റുമായിരുന്നു എന്ന് കരുതാവുന്നതാണ്. അത്തരത്തിലുള്ള ബുദ്ധമത സ്വാധീനം ഈ ഗ്രാമവാസികൾക്കിടയിലെ വിശ്വാസങ്ങളിലും ജീവിത സമ്പ്രദായങ്ങളിലും മാത്രമല്ല പഴയ തലമുറയിലെ ജനങ്ങളുടെ ഭാഷാരീതികളിൽ പോലും ഇന്നും കാണാവുന്നതാണ്.

ബുദ്ധമത സ്വാധീന കാലത്തിനും ഏറെമുമ്പ് ചരിത്രത്തിൽ നിലനിന്നിരുന്ന നവീന ശിലായുഗ സംസ്കൃതിയുടെ അടയാളമായ നന്നങ്ങാടികൾ
ഈ പരിസരത്തുള്ള പറമ്പുകളിൽ
നിന്നും കണ്ടുകിട്ടിയത് പൗരാണിക
കാലത്ത് തന്നെ ഈ പ്രദേശത്ത് ഒരു ജനസംസ്കൃതി നിലനിന്നിരുന്നു
എന്നതിൻ്റെ ശക്തമായ സൂചനയായിരുന്നു.

ഇത്തരം ശിലായുഗ സംസ്കൃതികളിൽ ജീവിച്ച മനുഷ്യരുടെ പിൻതലമുറകളാണ് പിൽക്കാലത്ത് ഗോത്ര സംസ്കൃതികളിലൂടെ പരിണമിച്ച് ബുദ്ധജൈന മത വിശ്വാസ സംസ്കൃതികളിലേക്ക് എത്തിച്ചേർന്നത്
എന്നാണ് ചരിത്ര പഠനങ്ങൾ നൽകുന്ന
സൂചനകൾ.

അത്തരത്തിൽ മേലൂർ ഗ്രാമത്തിൻ്റെ
അടിസ്ഥാന ശിലയായി വർത്തിച്ച പാത്തിക്കലപ്പൻ ക്ഷേത്രം ചരിത്രത്തിൻ്റെ ഇരുളടഞ്ഞ ഇടനാഴികളിൽ എവിടേയോ വെച്ച് ബ്രാഹ്മണാധിപത്യ കാലത്ത് നശിപ്പിക്കപ്പെട്ടതായിരിക്കാം എന്നാണ് സാഹചര്യ തെളിവുകൾ നൽകുന്ന സൂചന. പ്രത്യക്ഷത്തിൽ ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടത് ജന്മികളായ പുത്തലത്ത് തറവാടും ശ്രീ കൊണ്ടംവള്ളി ദേവസ്വവും തമ്മിലുള്ള അതിർത്തി തർക്കത്തിൻ്റെ പേരിലാണെന്ന് പഴയ തലമുറയിൽപെട്ട ചിലരെങ്കിലും പറയുന്നുണ്ടെങ്കിലും, വ്യാപകമായി നടന്ന ബുദ്ധ ജൈനമത പീഠനത്തിൻ്റെ ഭാഗമാകാം എന്ന വാദത്തെ കണ്ണടച്ച് നിഷേധിക്കാനാവില്ല.

അത്തരത്തിൽ നശിപ്പിക്കപ്പെട്ട
പാത്തിക്കലപ്പൻ ക്ഷേത്രത്തിലെ
വിഗ്രഹം ശ്രീ മേലൂർ ശിവ ക്ഷേത്ര കുളമായി ഉപയോഗിക്കുന്ന കുന്നംകുളം എന്ന് കൂടി പേരുള്ള ജലാശയത്തിൽ വളരെ അധികം വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു.

നന്തി ചെങ്ങോട്ടുകാവ് ബൈപാസ്സ്
നിർമ്മാണത്തിന് വേണ്ടി പൂർണ്ണമായി മൂടപ്പെട്ടു പോകാവുന്ന ഈ ക്ഷേത്ര
ക്കുളത്തിനൊപ്പം നമ്മുടെ ഗ്രാമത്തിൻ്റെ
സുപ്രധാനമായ ഒരു ചരിത്രത്തെളിവ്‌
നഷ്ടമായി പ്പോകുന്നതിലുള്ള ഉത്കണ്ഠയാണ് ഈ വിഷയം വീണ്ടും ജനശ്രദ്ധയിലും, അധികാരികളുടെ ശ്രദ്ധയിലും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള പ്രേരണയായത്. നേരത്തെ തന്നെ നഷ്ടമായിപ്പോയ ക്ഷേത്ര അവശിഷ്ടങ്ങൾക്കൊപ്പം ഈ ചരിത്ര ശേഷിപ്പുകൂടി നഷ്ടമാവാതിരിക്കാനുള്ള ഇടപെടലുകളാണ് പിന്നീട് നടന്നത്.

അതിനെ തുടർന്ന് പല ഭാഗങ്ങളിൽ നിന്നുണ്ടായ നിരന്തര അഭ്യർത്ഥനകളെ മാനിച്ച് ആർക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥന്മാർ സ്ഥലത്ത് എത്തുകയും ക്ഷേത്ര വിഗ്രഹം കുളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. വിഗ്രഹം ഏത് മൂർത്തിയുടേതാണെന്നകാര്യം വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷമേ തീരുമാനിക്കാനാവൂ എന്നാണ് ഇത് വരെ കിട്ടിയ വിവരം.

ഈ വിഗ്രഹത്തിൻ്റെ ഫോട്ടോ കാണാൻ ഇടയായ നമ്മുടെ നാട്ടുകാരൻ കൂടിയായ ചരിത്ര പണ്ഡിതൻ കൂമുള്ളി ശിവരാമൻ വിലയിരുത്തിയത് ഇത്
താന്ത്രിക ബുദ്ധമതത്തിലെ ശൈവ
പ്രതിഷ്ഠയാണെന്നാണ്. അതിനെയാത്രേ ശാസ്താവ് എന്ന പേരിലും അറിയപ്പെടുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം.

നമ്മുടെ മേലൂർ ഗ്രാമത്തിൻ്റെ
പൗരാണിക ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ പ്രത്യക്ഷതെളിവ് നമ്മുടെ വരും തലമുറകൾക്ക് എന്നും കണ്ടു മനസ്സിലാക്കാനും അതുവഴി നമ്മുടെ ഗ്രാമം ചരിത്രപരമായി ശ്രദ്ധിക്കപ്പെടാനും
ഇടയാകുന്ന തരത്തിൽ ഈ ചരിത്ര ബിംബത്തെ നമ്മുടെ ഗ്രാമത്തിൽ
തന്നെ മാന്യമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് അഭിപ്രായം. അതിനായി ശക്തമായ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ട് വന്ന് അധികാരികളിലെത്തിക്കാൻ കഴിയണം.