പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ വിവിധ പദ്ധതികളുമായി കായണ്ണ പഞ്ചായത്ത്


കായണ്ണബസാര്‍: വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പദ്ധതികളുമായി കായണ്ണ പഞ്ചായത്ത്. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്താന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍, വായന പരിപാടികള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തും.

വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസ വളര്‍ച്ചയാണ് പരിപാടിയുടെ ലക്ഷ്യം. പഞ്ചായത്തിലെ എല്‍.പി, യു.പി ,ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്നവര്‍, പ്രീ പ്രൈമറി, അംഗന്‍വാടി കുട്ടികള്‍ എന്നിവര്‍ക്ക് സഹായകമാവുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് സി.കെ ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയും പാഠ്യേതര വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനായും, എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും അതോടൊപ്പം എല്‍.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ പരീക്ഷകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയികളാക്കുന്നതിന് വേണ്ടി അവര്‍ക്ക് പരിശിലനവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്ക് പുറമെ വിദ്യാഭ്യാസ സര്‍വ്വേ, അധ്യാപകര്‍ക്ക് നിരന്തര പരിശീലനങ്ങള്‍, കലാ കായിക രംഗത്തെ വിവിധ ഇടപെടലുകള്‍, ഐ.ടി രംഗത്തെ പരിശീലനം, വായന പരിപാടികള്‍, പി.എസ്.സി പരിശീലനം തുടങ്ങി വിവിധ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടത്തും.

പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ പഞ്ചായത്തില്‍ ചേര്‍ന്ന സമഗ്ര വിദ്യാഭ്യാസ വികസന സമിതി രൂപികരണ യോഗത്തിന്റേതാണ് തീരുമാനം. പി.ടി ഷീബ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി അധ്യക്ഷത വഹിച്ചു. കെ.വി. സി ഗോപി പദ്ധതി വിശദീകരിച്ചു. സി.ജെ ജോര്‍ജ്ജ്, കെ.പി പ്രമോദ്, ഇ.കെ ഷാമിനി, ടി.സി .സിദിന്‍, കെ.കെ അബൂബക്കര്‍, ടി.സി ജിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.