പാചക വാതകത്തിന് തീ വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു


കൊച്ചി: സംസ്ഥാനത്ത് പാചക വാതകവിലയിൽ (LPG Price) വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് (LPG commercial cylinder) വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപ വർധിപ്പിച്ചിരുന്നു. നവംബറിലും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഒക്ടോബറിൽ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്.

പാചക വാതക വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ 5 വർഷം കൊണ്ട് 2900 കോടി രൂപ അധിക നികുതി വരുമാനമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടുമ്പോഴുള്ള അധിക വരുമാനം സബ്‌സിഡിയായി നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.