പാചകവാതക സിലിണ്ടറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി; പരിശോധന നടത്തി അധികൃതർ
വടകര: പാചകവാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കൊയിലാണ്ടി താലൂക്കിന്റെ അധികചുമതലയുള്ള സംഘം വടകര, പുതുപ്പണം, പയ്യോളി, നന്തി, മൂടാടി, കൊല്ലം എന്നിവിടങ്ങളില്‍ പാചകവാതക വിതരണ സിലിണ്ടറുകളുമായി പോവുന്ന നിരവധി വാഹനങ്ങളില്‍ പരിശോധന നടത്തി. കൃത്യമായ ബില്‍ ഇല്ലാതെയാണ് സിലിണ്ടറുകള്‍ കൊണ്ടുപോവുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
നന്തിയിലെ കാവ്യ ഏജന്‍സിസ് സിലിണ്ടറുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നു 42 രൂപ വരെ അധിക വില ഈടാക്കുന്നതായി കണ്ടെത്തി. അധികമായി ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് ഉടന്‍ തിരികെ നല്‍കാന്‍ ടിഎസ്ഒ നിര്‍ദേശിച്ചു. ബില്ലിലെ തുക മാത്രമേ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാവൂ എന്ന കര്‍ശനമായ താക്കീതും ഏജന്‍സികള്‍ക്ക് നല്‍കി. ഉപഭോക്താക്കള്‍ ബില്ലില്‍ കാണുന്ന തുക മാത്രമേ നല്‍കേണ്ടതുമുളളുവെന്നു സപ്ലൈ ഓഫീസര്‍ ഓര്‍മിപ്പിച്ചു.
ഇരിങ്ങല്‍ മാങ്ങൂല്‍ പാറക്കടുത്ത് ദേശീയ പാതയോരത്തെ പറമ്പില്‍ കാലിയായ കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ കൂട്ടിയിട്ടിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ ഇത് റോയല്‍ ഫ്‌ളയിംസ് ചെറുവത്തുര്‍ എന്ന ഏജന്‍സിയുടേതാണെന്ന് വ്യക്തമായി. കോവിഡ് സാഹചര്യം പരിഗണിച്ച് മേലില്‍ ഇങ്ങനെ പൊതുസ്ഥലങ്ങളില്‍ കാലി സിലിണ്ടറുകള്‍ സൂക്ഷിക്കരുതെന്ന താക്കിത് ഏജന്‍സിക്ക് നല്‍കിയതായും സിലിണ്ടുറുകള്‍ ഉടന്‍ മാറ്റണെന്നു നിര്‍ദേശിച്ചതായും വടകര സപ്ലൈ ഓഫീസര്‍ ടി.സി.സജീവന്‍അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വി.നിജന്‍, കെ.പി.കുഞ്ഞിക്കൃഷ്ണന്‍, ഡ്രൈവര്‍ കെ.പി.ശ്രീജിത് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.