പശുവിനും പട്ടിക്കും പൂച്ചയ്ക്കുമെല്ലാം ഇനി ലൈസന്‍സ്! വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് ലഭിക്കാനുള്ള ഫീസുകള്‍ നിശ്ചയിച്ചു


കോഴിക്കോട്: വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഏറെ വൈകില്ല. വിവിധ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഫീസ് കോഴിക്കോട് കോര്‍പ്പറേഷന്‍ നിശ്ചയിച്ചു. ചൊവ്വാഴ്ചത്തെ കൗണ്‍സില്‍ യോഗം ഇത് അംഗീകരിച്ചാല്‍ ഉടന്‍ ലൈസന്‍സിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.

കന്നുകാലികള്‍ക്ക് 100 രൂപയാണ് ഫീസ്. നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ എന്നിങ്ങനെയാണ് ധനകാര്യസമിതി അംഗീകരിച്ച നിരക്ക്. അതേസമയം ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും. നായകള്‍ക്ക് ഇത് 1000 രൂപയും പൂച്ചകള്‍ക്ക് 500 രൂപയുമാണ്.

അരുമകളെ ബ്രീഡ് ചെയ്ത് വില്‍ക്കുന്നവര്‍ക്കാണ് ഇത്തരം ലൈസന്‍സ് ഏര്‍പ്പാടാക്കുന്നത്. മൈക്രോചിപ്പും ഘടിപ്പിക്കും. ഇതുവഴി മൃഗങ്ങളുടെ എല്ലാവിവരവും ലഭ്യമാകും. വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞാല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. പലപ്പോഴും പ്രായമായ മൃഗങ്ങളെയും അസുഖമുള്ളവയെയും ഉപേക്ഷിക്കാറുണ്ട്. മൈക്രോചിപ്പ് ഘടിപ്പിച്ചാല്‍ ഉടമയെ എളുപ്പം കണ്ടെത്താനാകും. നേരത്തെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കണ്ടെത്തി പിഴയീടാക്കുകയും ഉടമകള്‍ എത്താത്തതിനെത്തുടര്‍ന്ന് ലേലം ചെയ്യുകയുമായിരുന്നു പതിവ്. മറ്റുള്ളവയുടെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാവാറില്ല.

ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ കണക്കെടുപ്പും സാധ്യമാകും. ലൈസന്‍സുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശം വന്നിരുന്നു. അതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്. കന്നുകാലികള്‍ ഉള്‍പ്പെടെ അരുമമൃഗങ്ങളെയെല്ലാം തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കണമെന്നും ആറുമാസത്തിനുള്ളില്‍ ഇത് ചെയ്യണമെന്നുമായിരുന്നു കോടതി നിര്‍ദേശം.

കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ സോഫ്റ്റ്‌വെയര്‍ വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനാവും. സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ വെറ്ററിനറി ഓഫീസര്‍ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു.