പഴമയൊട്ടും ചോരാതെ ഇത്തവണയും കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് സംഘടിപ്പിച്ചു: കൃഷിയിൽ സമൃദ്ധമായ വിളവ് ലഭിക്കാൻ പഴയ തലമുറ കണ്ടെത്തിയ ആചാരത്തിന്റെ അവശേഷിപ്പുകൾ


കോഴിക്കോട്: കോഴിക്കോട് കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങ് സംഘടിപ്പിച്ചു. കർക്കിടകമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള അടുത്ത ശുഭ മുഹൂർത്തത്തിലാണ് ഈ ചടങ്ങുകൾ നടക്കാറുള്ളത്. പഴയകാലത്ത് ക്ഷേത്രത്തിന്റെ അധീനതയിൽ ഉള്ള സ്ഥലങ്ങൾ കർഷകർ പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്തിരുന്നു. കൃഷി വിളവ് ആകുമ്പോൾ അതിൽ ആദ്യം കൊയ്തെടുത്ത നെൽക്കതിരുകൾ കർഷകർ ക്ഷേത്രത്തിൽ എത്തിക്കും. ഈ കതിരുകൾ ആണ് ക്ഷേത്രത്തിൽ ഇല്ലംനിറക്ക് ഉപയോഗിക്കുന്നത്.

കൃഷിയിൽ സമൃദ്ധമായ വിളവിനും ഐശ്വര്യത്തിനും വേണ്ടിയായിരുന്നു ചടങ്ങുകൾ നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് നെൽക്കതിരുകൾ ലഭ്യമായ മറ്റു പല സ്ഥലങ്ങളിൽ നിന്നും എത്തിക്കാറാണ് പതിവ്. ക്ഷേത്രത്തിൽ കിഴക്കുഭാഗത്ത് എത്തിക്കുന്ന നെൽക്കതിരുകൾ അവിടെയുള്ള അരയാൽ തറയിൽ വെക്കുന്നു. ആ കതിരുകൾ ക്ഷേത്രത്തിലെ കഴകക്കാരൻ എടുത്ത് കിഴക്കേനടയിൽ ഉള്ള പ്രധാന ബലിക്കല്ലിനു മുകളിൽ വെക്കുകയും അത് ക്ഷേത്രം മേൽശാന്തി പുണ്യാഹം തളിച്ചു ശിരസ്സിൽ ഏന്തി ക്ഷേത്രത്തിന്റെ അകത്തേക്ക് എടുക്കുകയും ചെയ്യുന്നു.

അതിനുശേഷം പൂജ ചെയ്തു കതിരുകൾ ദശപുഷ്പങ്ങളും ചേർത്തു പാണി, ശംഖ്, കുത്തുവിളക്ക് എന്നിവയുടെ അകമ്പടിയോടുകൂടി മേൽശാന്തി ഭഗവതിക്കും, ഉപദേവന്മാർക്കും, സമർപ്പിക്കുകയും പത്തായപ്പുരയിൽ എത്തി പത്തായം നിറയ്ക്കൽ ചടങ്ങ് നടത്തുകയും ചെയ്യുന്നു . (ഈ നെല്ല് കുത്തി എടുത്താണ് ചിങ്ങമാസത്തിൽ നടത്തുന്ന “നിറപുത്തിരി”ക്ക്‌ പായസം നിവേദ്യം ഉണ്ടാക്കുന്നത്.) അതിനുശേഷം അടിയന്തരക്കാ ർക്കും ക്ഷേത്ര ഊരാളന്മാർക്കും ഭക്തജനങ്ങൾക്കും പൂജിച്ച കതിരുകൾ നൽകുന്നു.

ഈ നെൽക്കതിരുകൾ സ്വഭവനങ്ങളിൽ കൊണ്ടുപോയി അടുത്ത വർഷത്തെ ഇല്ലംനിറ വരെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ ആ വർഷം മുഴുവൻ ഭവനങ്ങളിൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാവും എന്നാണ് വിശ്വാസം.