പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു
പുളിയഞ്ചേരി: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു.
അഞ്ച് വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയൊ തുള്ളിമരുന്ന് നല്‍കണം. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പോളിയോ വിതരണം.
സംസ്ഥാനത്ത് 24,690 ബൂത്തുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 24,49, 222 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കുക. പുളിയഞ്ചേരി ഹെല്‍ത്ത് സെന്ററിലെ തുള്ളിമരുന്ന് വിതരണം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു.
അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അരോഗ്യ കേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൂത്തുകള്‍ സജ്ജമാക്കും. കൊവിഡ് ബാധിതരോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കില്‍ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക