പള്‍സ് പോളിയോ ജനുവരി 31ന്: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
തിരുവനന്തപുരം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ജനുവരി 31ന് നടക്കും. അഞ്ചു വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.
ഇതിനായി 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധ വാക്സിനേഷന് പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കണം.
പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
തുള്ളിമരുന്ന് എവിടെ ലഭിക്കും
അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ എത്തും.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക