പരുന്ത് കൂട് കൊത്തിയതോടെ തേനീച്ചക്കൂട്ടം ഇളകി; മാവൂരില്‍ റോഡിലൂടെ പോയവരെയെല്ലാം ആക്രമിച്ച് തേനീച്ചകള്‍; ആറുപേര്‍ ആശുപത്രിയില്‍


കോഴിക്കോട്: പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് ഇളകിയ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പനങ്ങോട് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

റോഡരികിലെ മരക്കൂട്ടത്തിലുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി ഇളക്കുകയായിരുന്നു. ഇളകിയ തേനീച്ചക്കൂട്ടം വഴിയാത്രക്കാരെയും പരിസരവാസികളെയും ആക്രമിച്ചു. സാരമായി കുത്തേറ്റ ആറുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താത്തൂര്‍ സ്വദേശികളായ മൂന്നുപേരാണ് ആദ്യം ആക്രമിക്കപ്പെട്ടവര്‍. ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇതുവഴി സ്‌കൂട്ടറില്‍ പോകുകയായിരുന്ന പനങ്ങോട് അണ്ടിപ്പറ്റ് അബ്ദുല്‍ ലത്തീഫും ആക്രമിക്കപ്പെട്ടു. വണ്ടി നിര്‍ത്തി അയല്‍വീട്ടില്‍ അഭയം തേടിയെങ്കിലും തേനീച്ചക്കൂട്ടം ലത്തീഫിനെ വിട്ടില്ല. ബോധക്ഷയം സംഭവിച്ച ഇയാളെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇതുവഴി കടന്നുപോകുന്നവര്‍ക്കെല്ലാം കുത്തേറ്റതോടെ ഗ്രാമപഞ്ചായത്തംഗം കെ.സി വാസന്തി വിജയന്റെ നേതൃത്വത്തില്‍ പൈപ്പ്‌ലൈന്‍ റോഡില്‍ ഗതാഗതം തടസപ്പെടുത്തി. മുക്കത്തുനിന്ന് ഫയര്‍ഫോഴ്‌സും മാവൂര്‍ പൊലീസും സ്ഥലത്തെത്തി.

പരുന്തിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ കൂട് തകര്‍ന്ന് താഴെ വീണു. രാത്രിയോടെ ദുരന്തനിവാരണ സേനാംഗങ്ങളെത്തി തേനീച്ചക്കൂട് പൂര്‍ണമായി നശിപ്പിച്ചതോടെ ഭീതിയൊഴിഞ്ഞു.