പരീക്ഷാച്ചൂടിലേക്ക് കേരളം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം


തിരുവനന്തപുരം: എസ്എസ്എല്‍സി രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നാളെ തുടക്കം. ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും.

ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്എസ്ഇ ഒമ്പതിനും തുടങ്ങും. 26 നാണ് പരീക്ഷ അവസാനിക്കുക. 4,22,226 പേരാണ് 2947 കേന്ദ്രങ്ങളിലായി ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 4,21,977 പേര്‍ സ്‌കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്.

ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും. 2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും. പരീക്ഷയെഴുതുന്നവരില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 3,77,939 പേരാണ് പരീക്ഷയെഴുതുന്നത്. 27000ത്തോളം വിദ്യാര്‍ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്.