പരിശോധനാഫലം നെഗറ്റീവ്; കൂരാച്ചുണ്ടിലെ കോഴികൾ ചത്തത് പക്ഷിപ്പനിയല്ല, സംശയം നീങ്ങി
പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ കാളങ്ങാലിയിലെ കോഴിഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട് പക്ഷിപ്പനിയെന്ന സംശയം നീങ്ങി. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ സിറം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയപ്പോൾ നെഗറ്റീവാണെന്ന പരിശോധനാഫലമാണ് ലഭിച്ചത്.
നേരത്തേ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തിരുവല്ലയിലെയും തിരുവനന്തപുരത്തെയും ലാബുകളിൽ സാംപിൾ പരിശോധിച്ചിരുന്നു. തിരുവല്ലയിലെ ലാബിൽ സിറം ആന്റിജൻ പരിശോധന നടത്തിയപ്പോൾ പോസിറ്റീവെന്ന് സൂചിപ്പിച്ചിരുന്നു. തുടർന്നാണ് മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എ. കൗശികന്റെ നിർദേശപ്രകാരം ഫലം ഉറപ്പിക്കാനായി ഭോപാലിലേക്ക് വീണ്ടും സാംപിളയച്ചത്.
പരിശോധനാഫലം നെഗറ്റീവായ സാഹചര്യത്തിൽ കൂരാച്ചുണ്ടിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമുള്ള ജാഗ്രതാ നിർദേശം പിൻവലിക്കും.
പാസ്റ്ററെല്ല ബാക്ടീരിയൽ അണുബാധയാണ് കോഴികളുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കൂടുതൽ വ്യക്തത വരുത്താനായി മൃഗസംരക്ഷണ വകുപ്പിന്റെ തുടർ പരിശോധനകളുണ്ടാകും.
കഴിഞ്ഞദിവസം ഫാമിലെ കോഴികളൊന്നും ചത്തിട്ടില്ലെന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർക്ക് ലഭിച്ച വിവരം. ഫാമിൽ ഒരു ഷെഡ്ഡിനെ മൂന്നുഭാഗങ്ങളായി തിരിച്ചാണ് കോഴികളെ വളർത്തിയിരുന്നത്. ഇതിൽ ഒരുഭാഗത്തുള്ള 330-ഓളം കോഴികൾ മാത്രമാണ് ചത്തത്.