പരിയാരത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി


തളിപ്പറമ്പ്: പരിയാരത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി. യുപി രാംപൂര്‍ സ്വദേശി സക്കഌ റാസയുടെ പണമാണ് നഷ്ടമായത്. പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചു.

ജൂലൈ മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭനം. പരിയാരം ഔഷധിക്ക് സമീപമുള്ള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പിലുള്ള ജീവനക്കാരന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. വര്‍ക്ക്‌ഷോപ്പ് ഉടമയെ ഫോണില്‍ വിളിച്ചയാള്‍ ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ളയാളാണെന്നും വേഗം തന്നെ കാര്‍ റിപ്പയര്‍ ചെയ്ത് തരണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്തില്ലാതിരുന്ന ഉടമ ജീവനക്കാരന്റെ നമ്പര്‍ വിളിച്ചയാള്‍ക്ക് കൈമാറുകയായിരുന്നു.

സക്കന്‍ റാസിയെ വിളിച്ചയാള്‍ 40000 രൂപ ഗൂഗിള്‍ പേ വഴി അയക്കാമെന്നും അതില്‍ 10000 രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കൈവശം തിരികെ കൊടുക്കണമെന്നും പറഞ്ഞു. ഗൂഗിള്‍ പേ നമ്പര്‍ കൊടുത്ത് ഏതാനും സമയം കഴിഞ്ഞ് റാസിയുടെ അക്കൗണ്ടില്‍ നിന്ന് ആദ്യം 40000 രൂപയും പിന്നീട് 20000 രൂപയും അവസാനം 6500 രൂപയും പിന്‍വലിച്ചതായി മെസേജ് വന്നു. സംഭവത്തില്‍ പരിയാരം പൊലീസില്‍ നല്‍കിയ പരാതി കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.