പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം: പ്രതിഷേധം ശക്തം; എം സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു


തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃ തലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല.

11 മാസം കാലാവധി അവശേഷിക്കുമ്പോഴാണ് എംസി ജോസഫൈന്‍ രാജിയിലേക്ക് പോകുന്നത്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സിപിഎം നേതൃ തലത്തില്‍ ആരുടെയും പിന്തുണ ജോസഫൈന് ലഭിച്ചിരുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.

ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം. സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ചത്.