പയ്യോളി മേഖലയില്‍ തെരുവു നായകളുടെ ശല്യം രൂക്ഷം; നായ ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരിക്ക്


പയ്യോളി: തെരുവു നായകൾ കുറുകെ ചാടിയതിനെ തുടർന്നു ബൈക്കു മറിഞ്ഞു ദമ്പതികൾക്ക് പരുക്ക്. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അഖിലേഷ് (41), ഭാര്യ പ്രിയ ( 36) എന്നിവർക്കാണു പരുക്ക്. കഴിഞ്ഞ ദിവസം രാത്രി കോട്ടക്കൽ ഗുരുപീഠത്തിനു സമീപം വച്ചാണു അപകടം. ഭാര്യ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു പോകുമ്പോൾ തെരുവു നായകൾ കൂട്ടത്തോടെ ചാടുകയായിരുന്നു.

നായകളിൽ ഒന്നിന്റെ ശരീര ഭാഗം ബൈക്കിന്റെ ടയറിനുള്ളിൽ കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അഖിലേഷിന്റെ കയ്യുടെ എല്ല് പൊട്ടിയിട്ടുണ്ട്, ഭാര്യയുടെ മുഖത്തും രണ്ടു കൈകളുടെ വിരലുകളിലും പരുക്കുണ്ട്. പയ്യോളി മേഖലയിൽ തെരുവു നായകളുടെ ശല്യം കൂടിവരികയാണ്.