പയ്യോളി മുന്‍സിപ്പാലിറ്റിയെ നയിക്കാന്‍ ഇനി അബ്ദുറഹിമാന്‍; പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്


പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയുടെ പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഇരുപത്തിനാലാം ഡിവിഷനായ പയ്യോളി വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലര്‍ വി.കെ.അബ്ദുറഹിമാനെയാണ് പുതിയ മുന്‍സിപ്പല്‍ ചെയര്‍മാനായി ലീഗ് തെരഞ്ഞെടുത്തത്. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ.കെ.ബാവയാണ് ഇക്കാര്യം അറിയിച്ചത്.

യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പയ്യോളി മുന്‍സിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടാം ടേമില്‍ മുസ്ലിം ലീഗിന് ലഭിച്ചത്. ധാരണയുടെ അടിസ്ഥാനത്തില്‍ നിലവിലെ ചെയര്‍മാനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ഷഫീഖ് വടക്കയില്‍ രാജി വയ്ക്കും.

നിലവില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ അബ്ദുറഹിമാന്‍ രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത്. ജില്ലാ മുസ്ലിം ലീഗ് കൗണ്‍സിലര്‍, നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിക്കുന്നുണ്ട്. നേരത്തെ മുസ്ലിം ലീഗ് പയ്യോളി മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം കാരണം പുതിയ ചെയര്‍മാന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നേരത്തേ ലീഗിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മുന്‍സിപ്പല്‍ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക ഉള്‍പ്പെടെ ചെയ്തിരുന്നു. ലീഗിലെ അഭിപ്രായവ്യത്യാസം കാരണം കഴിഞ്ഞ രണ്ട് മാസമായി ഷഫീഖ് വടക്കയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയായിരുന്നു.

യു.ഡി.എഫിലെ ധാരണ അനുസരിച്ച് രണ്ടരവര്‍ഷം കോണ്‍ഗ്രസിനും രണ്ടാം പകുതി മുസ്ലിം ലീഗിനുമായിരുന്നു നഗരസഭാ ചെയര്‍മാന്‍ പദവി ലഭിക്കേണ്ടത്. ഇതുപ്രകാരം ജൂണ്‍ 28ന് നിലവിലെ ചെയര്‍മാന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്‍മാനെ കണ്ടെത്താനാവാത്തതിനാലാണ് രണ്ടുമാസം കൂടി നിലവിലെ ചെയര്‍മാനോട് തുടരാന്‍ ആവശ്യപ്പെട്ടത്.