പയ്യോളി ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ പൊലീസ് പരിശോധന: കണ്ടെത്തിയത് നാമമാത്ര സ്വര്‍ണം


പയ്യോളി: നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയും ഉടമകള്‍ അറസ്റ്റിലാവുകയും ചെയ്ത ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പയ്യോളി ബ്രാഞ്ചില്‍ പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ നടത്തിയ പരിശോധനയില്‍ സ്‌ട്രോങ് റൂം ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളും തുറന്നു.

വളരെ കുറഞ്ഞ തൂക്കത്തിലുള്ള സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മാത്രമാണ് കണ്ടെടുക്കാനായത്. പത്ത്, ഇരുപത്, അമ്പത്, നൂറ് നോട്ടുകളുടെ ചെറിയ കെട്ടുകളും ലഭിച്ചു. വടകര ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷരീഫ്, പയ്യോളി സിഐ കെ സി സുഭാഷ് ബാബു, എസ്‌ഐമാരായ എ കെ സജീഷ്, കെ ടി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പയ്യോളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി പി ഫാത്തിമ, കൗണ്‍സിലര്‍ കെ സി ബാബുരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വടകര റൂറല്‍ പൊലീസ് സൈബര്‍ വിഭാഗത്തിലെ എം കെ സുരേഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഗോള്‍ഡ് അപ്രൈസര്‍മാരായ രവീന്ദ്രന്‍ അമ്പാടി, ടി കെ പ്രകാശന്‍ എന്നിവരും പങ്കെടുത്തു.