പയ്യോളിയുടെ തീരദേശത്ത് സമഗ്ര കുടിവെള്ള പദ്ധതി, 35 കോടിയുടെ ഭരണാനുമതി


പയ്യോളി: പയ്യോളി തീരദേശ കുടിവെള്ള പദ്ധതിക്ക് 35 കോടി രൂപയുടെ പുതുതിയ ഭരണാനുമതി ഉത്തരവായതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. വർഷങ്ങളായി നഗരസഭയിലെ 17 ഓളം വാർഡുകളിൽ ജീവൽ പ്രശ്നമായി ഉയർന്നുവന്ന കുടിവെള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാവും.

കെ.ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നഗരസഭാ ഭരണസമിതി പ്രതിനിധികൾ ജലവിഭവ വകുപ്പ് മന്ത്രിയുൾപ്പെടെ യുള്ളവരുമായി തിരുവനന്തപുരത്ത് ചർച്ച നടത്തിയതിന്റെ ഭാഗമായി 2019 ഒക്ടോബറിൽ 33 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ പിന്നീട് സംസ്ഥാനത്തൊട്ടാകെ ജലജീവൻ മിഷൻ പദ്ധതി വന്നപ്പോൾ പയ്യോളി തീരദേശ കുടിവെള്ള പദ്ധതിക്ക് നൽകിയ ഭരണാനുമതി ഉത്തരവ് താൽക്കാലികമായി റദ്ദ് ചെയ്തിരുന്നു.

ഇതിൽ പയ്യോളിയിലെ കുടിവെള്ള പദ്ധതി ഉത്തരവ് പുന:സ്ഥാപിച്ചു കിട്ടാൻ നടത്തിയ പരിശ്രമങ്ങൾക്കാണ് ഇപ്പോൾ ഫലപ്രാപ്തിയായത്. ഈ പദ്ധതിയുടെ സംഭരണ ടാങ്ക് നിർമ്മിക്കുന്നത് പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ മൈതാനത്തിന്റെ തെക്ക് കോർണറിൽ ആണ്. ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഉപയോഗത്തിനായി അനുവദിക്കാൻ ടെക്നിക്കൽ എഡുക്കേഷൻ വകുപ്പിന്റെ അനുമതി മന്ത്രിതല യോഗ തീരുമാനത്തിന്റെ ഭാഗമായി നേരെത്തെ തന്നെ ലഭിച്ചിട്ടുണ്ട്. പാട്ട വ്യവസ്ഥയിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

കൊയിലാണ്ടി നഗരസഭയിലേക്കും സമീപ ഗ്രാമപഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനായി ഇപ്പോൾ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലെത്തിയ 85 കോടി രൂപയുടെ കിഫ്ബി കുടിവെള്ള പദ്ധതിയിൽ തുറയൂരിൽ നിർമ്മിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പിൽ നിന്ന് ടാപ്പ് ചെയ്താണ് തീരദേശത്തെ 17 വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുക. ഇതിനായുള്ള 68 കി.മീ. ദൈർഖ്യം വരുന്ന വിതരണ ശൃംഖലയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ആകെ അടങ്കൽ 35 കോടി രൂപയാണ്. ഭരണാനുമതി ലഭിച്ചു കഴിഞ്ഞതിനാൽ പദ്ധതിയുടെ ഭാഗമായ പ്രവൃത്തികൾ സാങ്കേതികാനുമതി തേടി വേഗത്തിൽ തന്നെ ടെണ്ടർ ചെയ്ത് ആരംഭിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു.