പയ്യോളിയില്‍ വാഹനാപകടം: കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്


പയ്യോളി: പയ്യോളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാറില്‍ കോട്ടയത്തു നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.

പയ്യോളി ടൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ലോറി നിര്‍ത്താതെ പോയെന്ന് പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശികളെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ കാര്‍ത്തികപുരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ ആലക്കോട് ചിറപുറത്ത് ജിജി (43), ഭാര്യ കണ്ണൂര്‍ മടയാട്ട് സ്‌കൂള്‍ അധ്യാപിക മായ (40), മക്കളായ ആവണി (13), അനയ് (7), അമയ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കോട്ടയത്ത് നടന്ന ചടങ്ങില്‍ മികച്ച അധ്യാപകനുള്ള അവാര്‍ഡ് സ്വീകരിച്ച് ജിജിയും കുടുംബവും തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.