പയ്യോളിയില്‍ പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിന് വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: അമ്മയ്ക്കും മകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി


പയ്യോളി: പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞതിന് വീട്ടമ്മയ്ക്ക് മണ്‍വെട്ടികൊണ്ട് അടിയേറ്റ സംഭവത്തില്‍ അമ്മയ്ക്കും മകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. കൊളാവിപ്പാലം കൊളാവിയില്‍ ലിഷ, അമ്മ ബേബി കമല എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവിട്ടത്.

സംഭവത്തില്‍ പ്രതികളായ ഏഴ് പേര്‍ക്ക് പുറമെ റൂറല്‍ എസ്.പി, പയ്യോളി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഷിജു കൊളാവി, ഷൈബി ചെറിയാവി, സലീഷ് ചെറിയാവി, രജി ചെറിയാവി, ലിജിന്‍ വിശ്വ, ബൈജു കൊളാവിയില്‍, ഷിജി പനയുള്ളതില്‍ എന്നിവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴ് പ്രതികള്‍.

കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെയായിരുന്നു വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റത്. സ്വന്തം പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ വീട്ടമ്മയ്ക്ക് മണ്‍വെട്ടി കൊണ്ട് അടിയേല്‍ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ പൊലീസ് എത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടമ്മയുടെ പരാതിയില്‍, കണ്ടാലറിയാവുന്ന 30 പേര്‍ ഉള്‍പ്പെടെ 37 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും നേരത്തേ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പുഴയിലൊഴുക്കിയ സംഭവത്തിലും മറ്റും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടാണെന്നും കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.