പയ്യോളിക്കു പോകാൻ വണ്ടി വേണമെന്ന് ആവശ്യപ്പെട്ടു; വടകര സ്വദേശിയുടെ ബൈക്കുമായി കടന്നുകളഞ്ഞയാൾ പാലക്കാട് വെച്ച് പിടിയിൽ


വടകര: പുതുപ്പണം കക്കട്ടിയില്‍നിന്ന് ഉടമയെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറുമായി കടന്നുകളഞ്ഞയാള്‍ പാലക്കാട്ട് പിടിയിലായി. സ്‌കൂട്ടര്‍ പാലക്കാട്ടുനിന്ന്‌ കണ്ടെത്തി. വാഹനം മോഷ്ടിച്ചയാള്‍ പാലക്കാട് എടിഎം കവര്‍ച്ചക്ക് ശ്രമിച്ചതിനുപിന്നാലെയാണ് പിടിയിലായത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് വടകരയില്‍നിന്ന്‌ മോഷ്ടിച്ച സ്‌കൂട്ടറാണെന്ന് വ്യക്തമായത്. പാലക്കാട് പൊലീസ് സ്‌കൂട്ടർ ഉടമ നസീര്‍ കോട്ടക്കടവിനെ വിളിച്ച് മോഷണവിവരം ആരായുകയും വാഹനം പാലക്കാട്ടുനിന്ന്‌ ലഭിച്ചതായി അറിയിക്കുകയുംചെയ്തു.

മണ്ണാര്‍ക്കാട് സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. കക്കട്ടില്‍ കോഴിസ്റ്റാള്‍ നടത്തുന്ന നസീര്‍ കോട്ടക്കടവിന്റെ കെഎല്‍ 18 ജെ 6370 നമ്പര്‍ ആക്ടീവ സ്‌കൂട്ടറുമായാണ് കഴിഞ്ഞ ബുധനാഴ്ച മോഷ്ടാവ് കടന്നുകളഞ്ഞത്. പുലര്‍ച്ചെ അഞ്ചിന്‌ പുതുപ്പണത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനുസമീപത്തെ വീട്ടില്‍നിന്നിറങ്ങിയ നസീര്‍ കോഴിസ്റ്റാളിലെ തൊഴിലാളിയെ കൂട്ടാന്‍ പോകുമ്പോള്‍ ഒരാള്‍ കൈകാണിച്ച് വണ്ടി നിര്‍ത്തിക്കുകയായിരുന്നു. തനിക്ക് പയ്യോളിക്കുപോകാന്‍ വണ്ടി വേണമെന്ന് ആവശ്യപ്പെട്ടു.

പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നസീര്‍ സമീപത്തെ വീട്ടുകാരനെ വിളിക്കാന്‍പോയ തക്കംനോക്കി ഇയാള്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പാലക്കാട് പൊലീസ് പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.