പയ്യോളിക്കാരനുൾപ്പെടെ പഴയ വ്യാപാരപങ്കാളികളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് വ്യവസായി


നാദാപുരം: തന്നെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നും അവർക്കുപിന്നിൽ പഴയ വ്യാപാര പങ്കാളികളാണെന്നും പ്രവാസി വ്യവസായിയായ എം.ടി.കെ.അഹമ്മദ് പറഞ്ഞു. തൂണേരിയിലെ വീട്ടിൽ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് സംഭവം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

2016-ൽ ഖത്തറിലെ ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് തട്ടിക്കൊണ്ടുപോയ സംഘം തന്നോട് പ്രധാനമായും അന്വേഷിച്ചത്. കമ്പനിയിൽ മാനേജരായി നിയമിച്ചിരുന്ന പയ്യോളി സ്വദേശി നിസാർ, കണ്ണൂർ സ്വദേയികളായ അലീം, റയീസ് എന്നിവരെ അറിയാമോയെന്ന് അവർ ചോദിച്ചു. ഇവർക്ക് പണം നൽകാനുണ്ടോയെന്നും തിരക്കി.

ഇവരിൽനിന്ന് താൻ സാമ്പത്തികമായി ഒന്നും വാങ്ങിയിട്ടില്ല. ഖത്തറിൽ തന്റെ സൾഫർ കെമിക്കൽ എന്ന കമ്പനിയിൽനിന്നുകൊണ്ട് പയ്യോളിക്കാരൻ നിസാർ ഉൾപ്പെടെയുള്ള ആളുടെ നേതൃത്വത്തിൽ മറ്റൊരു കമ്പനി ആരംഭിച്ചിരുന്നു. തന്റെ കമ്പനിക്കുവരുന്ന ഓർഡറുകൾ പലതും അവർ തട്ടിയെടുത്തുവെന്ന് അഹമ്മദ് പറയുന്നു.

ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സുബഹി നമസ്കാരത്തിന് പള്ളിയിൽപ്പോകുന്നവഴിയാണ് അഞ്ചംഗസംഘം ഇന്നോവ കാറിലെത്തി തട്ടിക്കൊണ്ടുപോയത്. അവർ തന്റെ കൈയും കാലും കണ്ണും കെട്ടി കാറിന്റെ ഡിക്കിയിൽ എടുത്തിടുകയായിരുന്നു. ബഹളം വെച്ചപ്പോൾ തല്ലുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാവിലെ 8.45-ഓടെ ഒരു വീട്ടിലെ മുറിയിലെത്തിച്ചു. എന്നാൽ, ക്വട്ടേഷൻസംഘം അവിടെവെച്ച് ശാരീരികമായി ഉപദ്രവിച്ചില്ല. സംഘം മുഴുവൻസമയവും മുഖംമൂടി ധരിച്ചിരുന്നു.

മുറിക്കുള്ളിൽ തനിച്ചിരുത്തിയ തനിക്ക് ഭക്ഷണം നൽകിയിരുന്നു. ഒരു മാസത്തോളമായി തനിക്കുപിന്നാലെയുണ്ടെന്നും എല്ലാവിവരങ്ങളും ശേഖരിച്ചിരുന്നതായും സംഘം പറഞ്ഞു.

രണ്ടുദിവസത്തിനകം കൊച്ചിയിലെ ടീമിന് കൈമാറുമെന്നാണ് പറഞ്ഞത്. തനിക്ക് വിവിധ സ്ഥലങ്ങളിൽനിന്നുലഭിക്കാനുള്ള പണത്തിന്റെ വിവരങ്ങളും അവർ പറഞ്ഞു. മോചനദ്രവ്യം നൽകിയതിനെത്തുടർന്നാണ് തന്നെ വിട്ടയച്ചതെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം ശരിയല്ല. ബോസ് പറഞ്ഞതുകൊണ്ട് വിട്ടയക്കുകയാണെന്നുമാത്രമാണ് സംഘം തന്നോടുപറഞ്ഞത്.

ഇതിനിടെ കേസിൽ നിരവധി പേരെ പോലീസ് ചോദ്യംചെയ്തു. റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

വീട്ടിലെത്തിയ അഹമ്മദിൽനിന്ന്‌ റൂറൽ എസ്.പി നേരിട്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതികളെ കണ്ടെത്തണമെന്ന നിലപാടാണ് ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടത്. സംശയത്തെത്തുടർന്ന് കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരെയും പ്രദേശവാസികളായ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.