പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമലയിൽ വ്യാഴാഴ്ച വരെ ഭക്തർക്ക് പ്രവേശനമില്ല


പത്തനംതിട്ട: കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പമ്പാ നദിയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. പമ്പ, റാന്നി, ആറൻമുള, ചെങ്ങന്നൂർ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പയിൽ 10 സെന്‍റീമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. പമ്പ അണക്കെട്ടിൽ നിലവിൽ റെഡ് അലർട്ടാണ്. ജലനിരപ്പ് 984.62 ൽ എത്തി.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഒക്ടോബർ 19, 20, 21 തിയ്യതികളിൽ ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിലെ സാഹചര്യത്താൽ ശബരിമല ദർശനത്തിനായി സംസ്ഥാനത്തിൻ്റെ പല കേന്ദ്രങ്ങളിലും കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ. വാസു അഭ്യർത്ഥിച്ചു.