പന്ത്രണ്ട് വയസ്സുകാരന് നിപ വൈറസ് ബാധിക്കാൻ കാരണം റമ്പൂട്ടാൻ കഴിച്ചതാകാമെന്ന സംശയം മുറുകുന്നു: സമീപത്ത് വവ്വാലുകളുടെ ആവാസവ്യവസ്ഥ കണ്ടെത്തി


കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരന് വൈറസ് ബാധയേറ്റത് കുട്ടി കഴിച്ച റംമ്പൂട്ടാനില്‍ നിന്ന് തന്നെയാവാമെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവരുടെ പരിശോധനാ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റംമ്പൂട്ടാന്‍ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവര്‍ എത്തുന്നത്. ബന്ധുവീട്ടില്‍ നിന്നായിരുന്നു കട്ടി റംമ്പൂട്ടാന്‍ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ കോഴിക്കോട് പകര്‍ച്ച വ്യാധികള്‍ പ്രത്യേകിച്ച് നിപ്പ രണ്ടാമതും റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രോഗം വന്നയിടങ്ങളില്‍ ഒരു വീട്ടില്‍ മുപ്പത് പേര്‍ എന്ന നിലയ്ക്കുള്ള വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും നമ്മള്‍ ഏറെ മാറിയതും ക്വാറന്റീന്‍, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അവബോധം നേടിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സഞ്ജമാക്കിയതും രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ടു പേരുടെ ഫലം നെഗറ്റീവ് ആയത് താല്‍ക്കാലികമായി ആശ്വാസം തരുന്നുണ്ടെങ്കിലും രോഗ ഉറവിടം പൂര്‍ണമായും കണ്ടെത്തുന്നത് വരെ അതി ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി അറിയിച്ചു.

നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബിലാണ് സജ്ജമാക്കിയത്. എന്‍.ഐ.വി. പുണെ, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് പരിശോധനകളാണ് ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീ ഏജന്റും അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പുണെയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പുണെ ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി