പന്തിരിക്കരയിലെ കൃഷിയിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷം; തകരാറിലായ തെരുവുവിളക്കുകള്‍ മാറ്റണമെന്നാവശ്യം ശക്തം
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പന്തിരിക്കര, ചാലു പറമ്പ്, കയനോത്ത്, കപ്പള്ളി കണ്ടി, വരയാലന്‍ കണ്ടി ഭാഗങ്ങളില്‍
വന്യമൃഗശല്യം രൂക്ഷം. കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ ഇറങ്ങി പ്രദേശത്തെ കപ്പ, ചേന, ചേമ്പ് തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കയനോത്ത് മൂസ്സ, കുറുങ്ങോട്ട് റഫിക്ക്, മാവിലാംപൊയില്‍ പ്രകാശന്‍ എന്നിവരുടെ കപ്പ കൃഷി പന്നിയും, മുള്ളന്‍ പന്നിയടക്കം കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചു.
വരയാലന്‍ കണ്ടി റോഡില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് മൃഗങ്ങളുടെ ശല്യം കൂടാന്‍ കാരണമായതായി കര്‍ഷകര്‍ പറഞ്ഞു. പത്തോളം ബള്‍മ്പുകള്‍ ഗ്രാമപഞ്ചായത്ത് ഇവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കൂട്ടത്തോടെ കണ്ണടച്ചിട്ട് മാസങ്ങളേറെയായി. ഇവ മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലായെന്ന് പ്രദേശവാസികള്‍ പറയുന്നു.
പന്നിയുടെ ശല്യം കാരണം അതി രാവിലെ ജോലിക്ക് പോകുന്നവരും, പ്രഭാത സവാരിക്കാരും പലപ്പോഴും അപകടത്തില്‍പ്പെടാറുണ്ട്. കാട്ടുമൃഗങ്ങളുടെ ശല്യം തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും വഴിയരികിലെ ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.