പത്മനാഭൻമാഷ് യാത്രയായി; കാടിന്റെ മണമില്ലാത്ത, മരങ്ങളുടെയും കിളികളുടെയും സംഗീതമില്ലാത്ത ലോകത്തേക്ക്


നടുവണ്ണൂർ: കാടിനെയും മരങ്ങളെയും കിളികളെയും സ്നേഹിച്ച പത്മനാഭൻമാഷ് (ഇപിഎൻ) കാടിന്റെ സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായി. പൂർവിക സ്വത്തായി കിട്ടിയ രണ്ടര ഏക്കറിലധികം പറമ്പിൽ കാട്‌ വളർത്തിയാണ് തിരുവോട് സജിനയിൽ ഇ പത്മനാഭൻനായർ പരിസ്ഥിതി സ്നേഹത്തിന് മാതൃകതീർത്തത്. ഒരു മരംപോലും മുറിക്കാതെ സംരക്ഷിച്ച പത്മനാഭൻ മാസ്റ്റർക്ക് 2016ലെ വനമിത്ര പുരസ്കാരവും ലഭിച്ചു.

1960ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം വാകയാട് ഹയർ സെക്കൻഡറിയിൽ അൺ ട്രെയിൻഡ് അധ്യാപകനായി. 1961-62ൽ ഫാറൂഖ് ട്രെയിനിങ്‌ കോളേജിൽനിന്ന്‌ ആദ്യ ബാച്ചുകാരനായി ബിഎഡ് പൂർത്തിയാക്കി. 1963ൽ സർക്കാർ സ്കൂൾ അധ്യാപകനായി. 1981ൽ നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജായി. 1982ൽ അധ്യാപക സമരത്തിന്റെ ഭാഗമായി സസ്പെൻഷനിലായി.

അധ്യാപക പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം സിപിഐ എം കോട്ടൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. കർഷകസംഘം ബാലുശേരി ഏരിയാ കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനെ മികവിലേക്കുയർത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. 1991ലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ താലൂക്ക് പ്രൊജക്ട് ഓഫീസറും 2000ത്തിൽ ജലനിധി പദ്ധതിയുടെ ടീം ലീഡറുമായിരുന്നു.

യാത്രാതൽപ്പരനായ മാഷ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു. കൊളംബോ, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, ഹിമാലയത്തിലെ പ്രധാന കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം കോവിഡ് കാരണം നടന്നില്ല.

വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ സിപിഐ എം ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ബാലൻനമ്പ്യാർ, സി.എച്ച്.സുരേഷ്, ടി.കെ.സുമേഷ്, ലോക്കൽ സെക്രട്ടറി എം.ചന്ദ്രൻ എന്നിവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.എം.സച്ചിൻദേവ് എംഎൽഎ, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, ജില്ലാ കമ്മിറ്റി അംഗം പി.കെ.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ.അനിത, വൈസ് പ്രസിഡന്റ്‌ ടി.എം.ശശി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

തിരുവോട് എലകെൻ വായനശാലാ പരിസരത്ത് ചേർന്ന അനുശോചന യോഗത്തിൽ വാർഡ് മെമ്പർ ഇ.അരവിന്ദാക്ഷൻ അധ്യക്ഷനായി. ടി.കെ.സുമേഷ് അനുശോചന പ്രമേയമവതരിപ്പിച്ചു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി.എച്ച്.സുരേഷ്, എം.ചന്ദ്രൻ, പി.ബാലൻ നമ്പ്യാർ, ആർ.ഉണ്ണിനായർ, ടി.ഷാജു, ബിയേഷ് തിരുവോട്, ആർ.സുജിത്ത്, ആർ.വിനോദ്‌, എ.എം.ഉണ്ണിനായർ, എം.കെ.ജാഫർ, സി.മൂസ്സാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.