പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


 

കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച ചേമഞ്ചേരി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പൂക്കാട് പന്തവയൽകുനി നിസാറിനെ (47) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്.

2020 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ പ്രതി നിർമ്മാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക്‌ ബലമായി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

രക്ഷപെട്ടു വന്ന കുട്ടി അമ്മയോടു കാര്യം പറഞ്ഞു. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പ്രതിയെ തടഞ്ഞു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സബ്ബ് ഇൻസ്‌പെക്ടർ കെ.സേതുമാധവനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിൻ ഹാജരായി.