പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മരുതോംകര സ്വദേശിക്ക് ആറ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി


കൊയിലാണ്ടി: പത്തുവയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറ് വര്‍ഷം കഠിനടവും 25,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടെ തടവ് ശിക്ഷ അനുഭവിക്കണമെന്നും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അനില്‍ ടി.പി വിധിച്ചു.

മരുതോംകര, കീഴാത്തും കുഴിയില്‍ രാജുവിനാണ് (47) ശിക്ഷ വിധിച്ചത്. 2018 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ പച്ചക്കറി വാങ്ങാന്‍ പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

തൊട്ടില്‍പാലം പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാര്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജെതിന്‍ ഹാജരായി.