പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ദക്ഷിണ കൊറിയയില്‍ അവസരം; മാസ ശമ്പളം ഒരു ലക്ഷം രൂപ, നിയമനം സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് വഴി, വിശദമായി നോക്കാം
കോഴിക്കോട്: പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മാസ ശമ്പളം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ചെയ്യാം. കാര്‍ഷികമേഖലയിലേക്കാണ് നിയമനം നടത്തുന്നത്. കാര്‍ഷിക അനുബന്ധ ജോലികള്‍. കൃഷിക്ക് ഇത്രയും ശമ്പളമോ എന്ന അതിശയം വേണ്ട. നമ്മുടെ നാട്ടിലല്ല, ജോലി ദക്ഷിണ കൊറിയയിലാണ്! വിദേശ ജോലി ലഭിക്കാന്‍ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെക് മുഖേനയാണു നിയമനം.
ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നാണു നിയമനം ഒരുക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്കാണു നിയമനം. 1000 പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തില്‍ 100 പേര്‍ക്കു നിയമനം നല്‍കാനാണു ഒഡെപെക് തീരുമാനം
ഹൈടെക് കൊറിയന്‍ കൃഷി
ദക്ഷിണ കൊറിയ സര്‍ക്കാരിന്റെ കീഴിലുള്ള കാര്‍ഷിക പദ്ധതിയിലേക്കാണു തൊഴിലാളികളെ തേടുന്നത്. സവാള കൃഷിയാണു പ്രധാനം. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കൃഷി രീതിയാണു നടപ്പാക്കുന്നത്. അതേസമയം, മനുഷ്യ അധ്വാനവും വേണ്ടിവരും. കാര്‍ഷിക വൃത്തിയില്‍ മുന്‍ പരിയമുള്ളവര്‍ക്കു മുന്‍ഗണന. 25 – 40 പ്രായപരിധിയില്‍ ഉള്ളവര്‍ക്കാണു യോഗ്യത. ഇംഗ്ലിഷ് ഭാഷയില്‍ അടിസ്ഥാന അറിവുണ്ടാകണം. 2 ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം. താല്‍പര്യമുള്ളവര്‍ക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെമിനാര്‍ നടത്തും.
കൊറിയയെപ്പറ്റി പഠിച്ച ശേഷം ജോലി
തൊഴില്‍ ദാതാവിനെക്കുറിച്ച് എല്ലാ വിവരങ്ങളും മനസ്സിലാക്കിയ ശേഷമാണു ജീവനക്കാരെ ലഭ്യമാക്കുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു. ”കൊറിയയിലെ ജീവിത സാഹചര്യം, കൃഷി രീതികള്‍, ജീവിതച്ചെലവ്, താമസ സൗകര്യം, കറന്‍സി, സംസ്‌കാരം, തൊഴില്‍ സമയം, തൊഴില്‍ നിയമങ്ങള്‍ തുടങ്ങി അവിടെ ജോലി ചെയ്യാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം അപേക്ഷകര്‍ക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകള്‍. വിഡിയോ ദൃശ്യങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചാണു ബോധവല്‍ക്കരണം.” കൊറിയന്‍ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരില്‍ നിന്നാണു തിരഞ്ഞെടുപ്പ്. അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ: recruit@odepc.in വെബ്സൈറ്റ്: http://www.odepc.kerala.gov.in.