പതിറ്റാണ്ടിലെ വലിയ കടല്‍ക്ഷോഭം; കാപ്പാട് വിനോദ സഞ്ചാര കേന്ദ്രവും കടലെടുക്കുന്നു, വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. ഇന്നലെ കാപ്പാട് തീരദേശ റോഡ് തകര്‍ന്നു. കാപ്പാട് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചതിനെ തുടർന്ന് നവീകരിച്ച ഭാഗങ്ങൾ പലതും കടലാക്രമണ ഭീഷണിയിലാണ്. തിരമാലകള്‍ പതിച്ചതിനെ തുടര്‍ന്ന് കാപ്പാട് തീര റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രവും കടലെടുക്കുന്നു, വീഡിയോ കാണാം

കാപ്പാട് കപ്പക്കടവ് മുളവങ്ങരക്കണ്ടി അബുവിന്റെ വീട് കടല്‍ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്നു. തീരത്തെ ഒട്ടേറെ വീടുകളും കടലേറ്റ ഭീഷണിയിലായി. തുവ്വപ്പാറയിലും ശക്തമായ കടല്‍ക്ഷോഭമാണ്. തീരത്തെ ഒറുപൊട്ടുംകാവ് ക്ഷേത്രത്തിലെ ഏറെ സ്ഥലം കടല്‍ കവര്‍ന്നു. മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഇത്തവണ കടല്‍ക്ഷോഭം ഉണ്ടാക്കിയത്. തെങ്ങുകളും, മരങ്ങളും കടപുഴകി നിലംപതിച്ചു. ഏഴുകുടിക്കല്‍, കൊയിലാണ്ടി, കൊല്ലം പാറപ്പള്ളി എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഏഴുകുടിക്കല്‍ തീരദേശപാത സഞ്ചാരയോഗ്യമല്ലാതായി. ഇവിടെ 45 മീറ്റര്‍ റോഡ് കഴിഞ്ഞദിവസമുണ്ടായ കടലേറ്റത്തില്‍ തകര്‍ന്നിരുന്നു. ഏഴുകുടിക്കല്‍ പാലത്തിന്റെ കൈവരികളും തകര്‍ന്നു.