പണം തവണ വ്യവസ്ഥയില്‍ നല്‍കിയാല്‍ മതി; വന്‍തോതില്‍ ചാരായം വാറ്റി വിറ്റിരുന്ന ‘നന്മമരം’ പിടിയില്‍


ഈരാറ്റുപേട്ട: വന്‍തോതില്‍ ചാരായം നിര്‍മിച്ച് തവണ വ്യവസ്ഥയില്‍ പണം വാങ്ങി വിറ്റിരുന്നയാള്‍ മൂന്നിലവില്‍ പിടിയില്‍. കാച്ചിക്ക അപ്പച്ചന്‍ എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടില്‍ ദേവസ്യയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ചാരായം വാങ്ങിയാല്‍ പണം തവണകളായി അടച്ചാല്‍ മതിയെന്നതിനാലും ആവശ്യക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ചുനല്‍കുമെന്നതിനാലും ഉപഭോക്താക്കള്‍ക്കിടയില്‍ ‘നന്മമരം’ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

മൂന്നിലവ് ഉപ്പിടുപാറയില്‍ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇയാള്‍ ചാരായം നിര്‍മിച്ചുവന്നത്. ഈ വാറ്റ് കേന്ദ്രം എക്‌സൈസ് തകര്‍ത്തു. ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എട്ടുലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും ചാരായ നിര്‍മാണ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി.