പണം ചോദിച്ചതിന് പ്രതികാരം; യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി അപകടകരമായി വണ്ടിയോടിച്ചത് രണ്ടര കിലോമീറ്ററോളം; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ (Watch Video)


പാലക്കാട്: പണമിടപാടിനെ കുറിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വണ്ടിയോടിച്ചത് രണ്ടര കിലോമീറ്ററോളം ദൂരം. ഒറ്റപ്പാലത്താണ് സംഭവം. അപകടകരമായ രീതിയില്‍ കാറോടിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

പെരിന്തല്‍ മണ്ണ താഴേക്കാട് ചോലമുഖത്ത് ഫാസിലിനാണ് കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്. പത്തൊന്‍പതാം മൈലില്‍ താമസിക്കുന്ന പിലാത്തറ ഉസ്മാനാണ് വണ്ടി ഓടിച്ചത്.

ബെല്‍റ്റ്, പഴ്സ്, തൊപ്പി പോലുള്ള ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനാണ് ഫാസില്‍. സാധനങ്ങള്‍ എടുത്തതിന്റെ പേരില്‍ ഉസ്മാന്‍ പണം നല്‍കാനുണ്ടെന്നു ഫാസില്‍ പറയുന്നു. അവധി പലതു കഴിഞ്ഞതോടെയാണ് ഫാസിലും സുഹൃത്തുക്കളും പത്തൊന്‍പതാം മൈലില്‍ എത്തിയത്. രാവിലെ ഉസ്മാന്‍ വീട്ടില്‍നിന്നു കാറില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇവര്‍ വഴിയില്‍ തടഞ്ഞത്.

വേഗം കുറയ്ക്കാതെ നീങ്ങിയ കാര്‍ ഫാസിലിനെ ഇടിച്ചെന്നും ബോണറ്റിലേക്കു വീണിട്ടുപോലും നിര്‍ത്തിയില്ലെന്നുമാണു പരാതി. ഫാസിലിന്റെ സുഹൃത്തുക്കള്‍ മറ്റു വാഹനങ്ങളില്‍ പിന്തുടര്‍ന്നതോടെയാണ് ഉസ്മാന്‍ കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റിയത്.

പരുക്കേറ്റ ഫാസില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ചിരുന്ന ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നാണ് അറിയുന്നത്.

വീഡിയോ കാണാം: