‘പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഠനമുറി സഹായം’; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/12/2021)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഗതാഗതം നിയന്ത്രണം

മാച്ച് ഫാക്ടറി – ചേലിയ – കാഞ്ഞിലശ്ശേരി റോഡില്‍ കള്‍വര്‍ട്ടിന്റെ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഡിസംബര്‍ 28 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചതായി എക്സക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചെങ്ങോട്ട്കാവ്- കീരന്‍ തോട് – എളാട്ടേരി വഴി പോകണം.

പൊതുവിതരണ വകുപ്പിന്റെ ആദ്യ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി കോഴിക്കോട്

പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ എല്ലാ സപ്ലൈ ഓഫീസുകളിലേയും ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലാക്കിയതോടെ പൊതുവിതരണ വകുപ്പിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി കോഴിക്കോട് മാറി. ഫയല്‍ നീക്കത്തിന്റെ വേഗം കൂട്ടാനും സുതാര്യമാക്കാനും ഇതുവഴി സാധിക്കും. ഡിജിറ്റല്‍ സിഗ്നേച്ചര്‍ വഴി ഓഫീസര്‍മാര്‍ക്ക് എവിടെയിരുന്നും ഫയലുകള്‍ നോക്കാവുന്നതും ഒപ്പ് വെക്കാവുന്നതുമാണ്. ഓഫീസ് ഫയലുകള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സൂക്ഷിക്കാനും സാധിക്കും.

പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ തന്നെ അപേക്ഷയുടെയും പരാതിയുടെയും തല്‍സ്ഥിതി https:/eoffice.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാവും. റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും നിലവില്‍ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും സിറ്റിസണ്‍ ലോഗിന്‍ വഴിയുമാണ് സമര്‍പ്പിക്കേണ്ടത്. റേഷന്‍കാര്‍ഡിലെ മാറ്റങ്ങള്‍ക്കായോ പുതിയ റേഷന്‍ കാര്‍ഡിനായോ ഇപ്പോള്‍ സപ്ലൈ ഓഫീസുകളില്‍ പോവേണ്ടതില്ല. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് റേഷന്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

2022 ജനുവരിയോടെ പൊതുവിതരണ വകുപ്പിനു കീഴിലെ മുഴുവന്‍ ഓഫീസുകളും പൂര്‍ണ്ണമായി ഇ-ഓഫീസിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ജില്ലയിലെ സപ്ലൈ ഓഫീസുകള്‍ നിശ്ചയിച്ചതിലും നേരത്തെ ഇ-ഓഫീസായി മാറിയത്. ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസുകള്‍, നോര്‍ത്ത്/സൗത്ത് സിറ്റി റേഷനിംഗ് ഓഫീസുകള്‍, ജില്ലാ സപ്ലൈ ഓഫീസ്, റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ ഓഫീസ് എന്നിവയാണുള്ളത്. കോഴിക്കോട് ജില്ലാ പ്രോജക്ട് മാനേജര്‍ എല്‍.ബി.അഖിലിന്റെ നേതൃത്വത്തില്‍ എല്ലാ ഓഫീസുകളിലേയും ജീവനക്കാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി. ഇ-ഓഫീസ് വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഠനമുറി സഹായം

വേടന്‍,നായാടി,കള്ളാടി ചക്ക്്ളിയ/ അരുന്ധതിയാര്‍ എന്നീ പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി പട്ടികജാതി വികസന വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പഠനമുറി പദ്ധതിക്ക് കൊടുവള്ളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവര്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.

സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഏഴ് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം. നിലവിലുളള ഭവനം വാസയോഗ്യവും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളളതുമായിരിക്കണം. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പരമാവധി മൂന്ന് ലക്ഷം രൂപ അനുവദിക്കും.

ജാതി, വരുമാനം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുമുളള സാക്ഷ്യപത്രം, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുള്ള വീടിന്റെ ഉടമസ്ഥാവകാശ രേഖ, വീട് വാസയോഗ്യവും വിസ്തീര്‍ണ്ണവുമാണെന്ന് കാണിക്കുന്ന സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവനപുനരുദ്ധാരണ സഹായം

വേടന്‍,നായാടി,കള്ളാടി ചക്ക്്ളിയ/ അരുന്ധതിയാര്‍ എന്നീ പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി പട്ടികജാതി വികസന വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയില്‍ കൊടുവള്ളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവര്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപ. പരമാവധി ഒന്നര ലക്ഷം രൂപ അനുവദിക്കും. ജാതി, വരുമാനം, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നുള്ള വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കാലപ്പഴക്കം സൂചിപ്പിക്കുന്ന രേഖ എന്നിവയും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9947085187.

ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് ധനസഹായം

വേടന്‍,നായാടി,കള്ളാടി ചക്ക്ളിയ/ അരുന്ധതിയാര്‍ എന്നീ പട്ടികജാതി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി പട്ടികജാതി വികസന വകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിയില്‍ കൊടുവള്ളി ബ്ലോക്ക് പരിധിയില്‍പ്പെട്ടവര്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. വീടിനോട് ചേര്‍ന്ന് സ്വന്തമായി ടോയിലറ്റ് ഇല്ലാത്തവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജാതി, വരുമാനം, കൈവശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഇതേ ആനുകൂല്യം ലഭിച്ചിട്ടില്ല എന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് കൊടുവള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9947085187.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവ് – വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട് യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്ല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും ഡിസംബര്‍ 29 നകം അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2021 ഏപ്രില്‍ ഒന്നിന് 62 വയസ്സ് തികയരുത്. നിയമനം മൂന്നു വര്‍ഷത്തേക്ക് തല്‍ക്കാലികകമായിരിക്കും. 12,000 രൂപ മാസവേതനത്തിനു പുറമെ സൗജന്യ താമസ സൗകര്യം അനുവദിക്കുമെന്ന് ജില്ലാസൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.

പൊതുവിപണി പരിശോധിച്ചു

ക്രിസ്തുമസ് പ്രമാണിച്ച് വടകര താലൂക്കിലെ സിവില്‍ സപ്ലൈസ്, ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധന സ്‌ക്വാഡ് പൊതുവിപണി പരിശോധിച്ചു. വടകര മാര്‍ക്കറ്റിന് സമീപത്തെ വിവിധ പച്ചക്കറി സ്റ്റാളുകളിലും പഴയ സ്റ്റാന്‍ഡ് പരിസരത്തെ ബേക്കറികളിലുമാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ മത്സ്യമാര്‍ക്കറ്റിലെ പച്ചക്കറിക്കടകളില്‍ പാക്കിംഗ് സ്ലിപ് ഇല്ലാത്ത പാക്കറ്റ് ഭക്ഷ്യ വസ്തുക്കളും ഉണക്കമീന്‍, അച്ചാര്‍, മുളക് കൊണ്ടാട്ടം പോലുള്ളവയും കണ്ടെത്തി. ഇവ അപ്പോള്‍ തന്നെ വില്‍പന സ്ഥലത്ത് നിന്നും എടുത്തുമാറ്റുകയും ഇങ്ങനെയുള്ളവ വില്‍പനയ്ക്ക് വെക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. പല പച്ചക്കറിക്കടകളും മുന്‍സിപ്പല്‍ ലൈസന്‍സ്, ഭക്ഷ്യ സുരക്ഷ ലൈസന്‍സ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഒരാഴച്ക്കകം ലൈസന്‍സുകള്‍ നേടി ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

മാര്‍ക്കറ്റ് റോഡിലെ കോഫീ ഹൗസിലേക്ക് പോകുന്ന വഴിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട് സ്റ്റാളില്‍ പഴകിയ മാങ്ങ നല്ലതിന്റെകൂടെ ഇടകലര്‍ത്തി വില്പനയ്ക്ക് വെച്ചതായി കണ്ടെത്തി. ഇവ അപ്പോള്‍ തന്നെ എടുത്തുമാറ്റി. അളവ് തൂക്ക മുദ്ര സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത പച്ചക്കറി കടകള്‍ പോലും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പഴയ മാര്‍ക്കറ്റിലെ സ്നേഹ വെജിറ്റബിള്‍, കെപിഎം വെജിറ്റബിള്‍സ്, കെകെഎച്ച് വെജിറ്റബിള്‍സ്, ഒവികെ വെജിറ്റബിള്‍സ് എന്നിവിടങ്ങളിലും എവി ഫ്രൂട്ട്സ്, ടിആര്‍ ഫ്രൂട്ട്സ,് സംസം ഫ്രൂട്ട്സ്, റെയിന്‍ബോ ബേക്കറി, സുപ്രീം ബേക്കറി എന്നിവിടങ്ങളിലും പരിശോധന നടത്തി. ബേക്കറികളില്‍ ചില ഭക്ഷ്യ വസ്തുക്കള്‍ സ്ലിപ് ഇല്ലാതെയും ചിലത് പറിച്ച് മാറ്റി വീണ്ടും ഒട്ടിക്കാന്‍ പാകത്തില്‍ കവറിനു പുറത്ത് സ്ലിപ് ഒട്ടിച്ചതായും കണ്ടെത്തി. ഇവ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ. പി, ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നുള്ള ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് മനോജ് കെ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരയ കുഞ്ഞികൃഷ്ണന്‍ കെ.പി, ശ്രീധരന്‍ കെ.കെ, വിജീഷ് ടി.എം. എന്നിവര്‍ പങ്കെടുത്തു.

താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്നിന്

2022 ജനുവരി മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഇലക്ട്രിക്കല്‍ ‘ബി’ ഗ്രേഡ് സൂപ്പര്‍വൈസര്‍ എഴുത്തു പരീക്ഷ 28 ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2021ലെ ഇലക്ട്രിക്കല്‍ ‘ബി’ ഗ്രേഡ് സൂപ്പര്‍വൈസര്‍ എഴുത്തു പരീക്ഷ ഡിസംബര്‍ 28ന് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുളള എല്ലാ പരീക്ഷാര്‍ത്ഥികളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള കോവിഡ് പ്രതിരോധം പാലിച്ച് പരിക്ഷാ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍ : 0495 2950002.

കൊക്കൊറോയല്‍ ബ്രാന്റ് ലോഗോ പ്രകാശനം 27ന്

നാളികേര വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണയായ കൊക്കൊറോയല്‍ ബ്രാന്റിന്റെ ലോഗോ പ്രകാശനം കൃഷി വകുപ്പ് മ്രന്തി പി.പ്രസാദ് ഡിസംബര്‍ 27ന് രാവിലെ 10.30ന് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ തനത് ബ്രാന്‍ഡ് ആയ ”കേരജം ഹെയര്‍ ഓയില്‍” വിപണനോദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

നാളികേരാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ കേര കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനുളള പരിപാടികള്‍ക്കാണ് നാളികേര വികസന കോര്‍പ്പറേഷന്‍ ഊന്നല്‍ നല്‍കിയിട്ടുളളത്. ശുദ്ധവും മായമില്ലാത്തതുമായ വെളിച്ചെണ്ണ നാളികേര വികസന കോര്‍പ്പറേഷന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.

കേര കര്‍ഷകരെ സംരക്ഷിക്കുന്നതിനായി തേങ്ങയ്ക്ക് വിപണിയും മതിയായ വിലയും ഉറപ്പുവരുത്തുന്നതിനായി വിവിധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നതിനുളള പദ്ധതികള്‍ക്കാണ് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പദ്ധതിയിട്ടിരിക്കുന്നത്.

നീര, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, കേരജം ഹെയര്‍ ഓയില്‍, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ , ഫ്രോസന്‍ ഗ്രേറ്റഡ് കോക്കനട്ട്, കോക്കനട്ട് ചിപ്‌സ്, തേങ്ങ വെളളത്തില്‍ നിന്നും വിനീഗര്‍, കോക്കനട്ട് ലെമണേഡ്, കോക്കനട്ട് ചമന്തിപ്പൊടി, വെളിച്ചെണ്ണയില്‍ നിന്നുളള ബേബി ഓയില്‍ എന്നിവ നാളികേര വികസന കോര്‍പ്പറേഷന്റെ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളാണ്. മാമം (ആറ്റിങ്ങല്‍), എലത്തൂര്‍ (കോഴിക്കോട്), ആറളം ഫാം(കണ്ണൂര്‍) എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ഉല്‍പാദിപ്പിക്കുന്നത്.

ഉപഭോക്തൃ ബോധവല്‍ക്കരണം വിദ്യാര്‍ഥികളില്‍ നിന്ന് ആരംഭിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ജില്ലാതല ഉപഭോക്തൃ വാരാചരണം സമാപിച്ചു

ഉപഭോക്തൃ രംഗത്തെ ബോധവല്‍ക്കരണം വിദ്യാര്‍ഥികളില്‍ നിന്ന് ആരംഭിക്കണമെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ ക്ലാസുകളില്‍ തന്നെ ബോധവല്‍ക്കരണം നല്‍കുകയാണെങ്കില്‍ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ഇത്തരം ചിന്താഗതികളിലൂടെ കാര്യക്ഷമമായി കാര്യങ്ങള്‍ നീക്കാന്‍ കഴിയും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും നിരവധി കാര്യങ്ങള്‍ക്ക് സമര രംഗത്ത് ഇറങ്ങാറുണ്ടെങ്കിലും ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി രംഗത്തിറങ്ങാറില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നമുക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ പലപ്പോഴും നമ്മളാരും തയ്യാറാകുന്നില്ല. ഇത് ഈ രംഗത്ത് കള്ളനാണയങ്ങള്‍ക്ക് വളരാനുള്ള അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജില്ലാതല പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി വിതരണം ചെയ്തു. തുടര്‍ന്നു നടന്ന ബോധവല്‍ക്കരണ ക്ലാസുകളില്‍ ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന വിഷയത്തില്‍ നിറവ് വേങ്ങേരിയിലെ ബാബു പറമ്പത്ത്, ‘ഉപഭോക്തൃ സംരക്ഷണ നിയമ’ത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ അംഗം വി.ബാലകൃഷ്ണന്‍, അളവ്-തൂക്ക നിയമങ്ങളെ കുറിച്ച് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ കെ.കെ.നാസര്‍, ‘ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം’ എന്ന വിഷയത്തില്‍ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സപ്ലൈകോ കൊടുവള്ളി ഡിപ്പോ മാനേജര്‍ ബി.അഷ്റഫ്, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടികെഎ അസീസ്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സക്കരിയ്യ പള്ളിക്കണ്ടി, കണ്‍സ്യൂമര്‍ ജ്യോതി ഡ്രീംസ് പ്രസിഡന്റ് മോളി ജോര്‍ജ്, ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ.അജയന്‍, സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതി പ്രതിനിധി വി.പി.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് സ്വാഗതവും സീനിയര്‍ സൂപ്രണ്ട് വി.കുമാരി ലത നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.