പച്ചവാഴക്കുല മോഷ്ടിച്ച് മഞ്ഞ പെയിന്റടിച്ചു വില്പന നടത്തിയ സംഘം പിടിയില്‍; ഏഴുമാസം കൊണ്ട് വിറ്റത് 98000 രൂപയുടെ വാഴക്കുലകള്‍


ഇടുക്കി: മോഷ്ടിച്ച വാഴക്കുലകളില്‍ മഞ്ഞ പെയിന്റടിച്ച് പഴുത്തകുലയെന്ന് പറഞ്ഞ വിറ്റ രണ്ടുപേര്‍ പിടിയില്‍. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ എബ്രഹാം വര്‍ഗീസ്, നമ്മനശ്ശേരി റെജി എന്നിവരാണ് പിടിയിലായത്.

ഏഴുമാസത്തിനിടെ കൊണ്ട് 98000 രൂപയുടെ വാഴക്കുലകളാണ് ഇവര്‍ മോഷ്ടിച്ചു വിറ്റത്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പോള്‍സണ്‍ സോളമന്റെ തോട്ടത്തിലെ വാഴകളാണ് ഇവര്‍ ദിവസം നാലെണ്ണം വീതം മോഷ്ടിച്ച് വിറ്റത്. ഇതുവരെ 200 വാഴക്കുലകള്‍ ഇവര്‍ മോഷ്ടിച്ചുവിറ്റു.

കമ്പംമേട്ടിനു സമീപം ഏഴ് ഏക്കര്‍ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു പോള്‍സണ്‍ സോളമന്‍. ഇടവിളയായി ഇവിടെ 2500 ഏത്തവാഴകളും നട്ടു. പ്രതികള്‍ ഇവിടെ നിന്നും വാഴക്കുലകള്‍ മോഷ്ടിക്കുകയായിരുന്നു. ആദ്യം ദിവസം ഒന്നുരണ്ട് കുലകള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ പോള്‍സണ്‍ കാവലിനായി സൂപ്പര്‍വൈസറെ നിയമിച്ചു. എന്നാല്‍ അതിനുശേഷവും മോഷണം തുടര്‍ന്നതോടെ പോള്‍സണ്‍ കമ്പംമേട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പെയിന്റടിച്ച കുലവാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി നല്‍കിയ വിവരം അനുസരിച്ചാണ് പ്രതികളെ പിടികൂടാനായത്. ഇരുവരും കുലകള്‍ മോഷ്ടിച്ച് റെജിയുടെ ഓട്ടോറിക്ഷയില്‍ വില്‍പ്പന നടത്തുകയായിരുന്നു. കുല കടത്താന്‍ ഉപയോഗിച്ച വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.